റയല്‍ മാഡ്രിഡ് വിടുമെന്ന് ലൂകാ മോഡ്രിച്ച്

മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടുന്നെന്ന് പ്രഖ്യാപിച്ച് ലൂകാ മോഡ്രിച്ച്. ശനിയാഴ്ച സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ സോസിഡാഡുമായുള്ള മത്സരം റയല്‍ തട്ടകമായ സാന്റിയാഗോ ബര്‍ണബ്യൂവിലെ അവസാനത്തേതാണെന്ന് മുപ്പത്തൊമ്പതുകാരന്‍ പ്രഖ്യാപിച്ചു. ജൂണ്‍ പതിനഞ്ചിന് ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകകപ്പില്‍ കളിക്കു പിന്നാലെ ടീം വിടും.
”ജീവിതത്തിലെ എല്ലാത്തിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്… ശനിയാഴ്ച എന്റെ അവസാന മത്സരം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ കളിക്കും”- മോഡ്രിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. റയല്‍ മാഡ്രിഡില്‍ കളിക്കുന്നത് ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്റെ ജീവിതം മാറ്റിമറിച്ചെന്നും മോഡ്രിച്ച് പറഞ്ഞു.
13 വര്‍ഷമായി സ്പാനിഷ് ക്ലബ്ബിലുണ്ട് ക്രൊയേഷ്യക്കാരന്‍. 393 തവണ കുപ്പായമിട്ടു. ആറ് ചാമ്പ്യന്‍സ് ലീഗുള്‍പ്പെടെ 28 ട്രോഫികള്‍ നേടി. 2018ല്‍ മികച്ച താരത്തിനുള്ള ബാലന്‍ ഡി ഓറും സ്വന്തമാക്കി.