ഇടുക്കി: ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ ഇന്ന് കേസെടുത്തേക്കും. മതവിദ്വേഷ പരാമർശ കേസിൽ ജാമ്യത്തില്‍ കഴിയുന്ന പിസി ജോർജ്, കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് വീണ്ടും വിവാദ പ്രസംഗം നടത്തിയിരിക്കുന്നത്. . പി.സി ജോർജിനെതിരെ ഇതുവരെ മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. തൊടുപുഴയിൽ നിന്നും പാലായിൽ നിന്നും പി.സി ജോർജിനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചിട്ടുണ്ട്.
മുസ്ലിം യൂത്ത് ലീഗാണ് ജോർജിനെതിരെ പാലായിൽ പരാതി കൊടുത്തിരിക്കുന്നത്. നേരത്തെ പി.സി ജോർജ് റിമാൻഡിലായ ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിനെതിരായ പരാതിക്കാരും മുസ്ലിം യൂത്ത് ലീഗ് ആയിരുന്നു. ഈ കേസിലെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും യൂത്ത് ലീഗ് പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദാണ് തൊടുപുഴ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നായിരുന്നു പി സി ജോർജിന്‍റെ പ്രസ്താവന. “മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നും” പി.സി ജോർജ് പരാമർശിച്ചു. പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു പി.സി ജോർജ്.