എറണാകുളം : വടക്കൻ പറവൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് ഒരാൾക്ക് പരിക്ക്. കൊട്ടുവള്ളിക്കാട് പതിയാപറമ്പിൽ സുകുമാരന്റെ വീടിന് മുകളിലേക്കാണ് ലോഡുമായി വന്ന ലോറി മറിഞ്ഞത്. സംഭവത്തിൽ പറവൂർ സ്വദേശി സുനിക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ വീട് ഭാഗികമായി തകർന്നു.
അപകട സമയത്ത് സുകുമാരന്റെ മകൻ സുനിയും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ സുനിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. അപകട കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.