ഒഡീഷയില്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ നാട്ടുകാര്‍ കെട്ടിയിട്ട് ആക്രമിച്ചു. ഒഡീഷയിലെ ബൊലാംഗീര്‍ എന്ന ഗ്രാമത്തിലെ സംരക്ഷണഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെയാണ് പൊതുജന മധ്യത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
ആക്രമണത്തിന് പുറമേ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും മറ്റ് ഉപകരണങ്ങളും നാട്ടുകാര്‍ തട്ടിയെടുത്തു. മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ആക്രമണത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ മുഖത്ത് നാട്ടുകാരിലൊരാള്‍ ചവിട്ടുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ പ്രദേശവാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭിനാഷ് ദലൈ, ആദിത്യ ജെന, ഗുമാര നായക് എന്നിവരേയും പ്രായപൂര്‍ത്തിയാകാത്ത ആളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതിനിടെ സംരക്ഷണഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടറുടെ പങ്കിനെക്കുറിച്ച് സംശയിക്കുന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അഭിലാഷ് ജി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കോണ്‍ട്രാക്ടര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.