നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: തെയ്യത്തിന്റെ ചിലമ്പൊലി അകമ്പടിയാകും
തിരുവനന്തപുരം : കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (KLIBF 2026) നാലാം പതിപ്പിന് തലസ്ഥാനത്ത് തിരശ്ശീല ഉയരവേ , ഇത്തവണത്തെ പ്രധാന ആകര്‍ഷണമാകുന്നത് മലബാറിന്റെ തനത് അനുഷ്ഠാന കലയായ തെയ്യമാണ്.
ജനുവരി 7 മുതല്‍ 13 വരെ നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി ജനുവരി 8 മുതല്‍ 12 വരെയാണ് തെയ്യങ്ങള്‍ അരങ്ങേറുന്നത്. ജനുവരി 8ന് വൈകിട്ട് 6ന് മാഹിയില്‍ നിന്നുള്ള ‘തെയ്യം പൈതൃക സമിതി’ അവതരിപ്പിക്കുന്ന ‘കോടിയേറ്റം’ ചടങ്ങോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും. സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ സാന്നിധ്യത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ‘ഗുരുതി തര്‍പ്പണവും പൂക്കുട്ടിച്ചാത്തന്‍ തിറയും’ ജനുവരി 8ന് വൈകിട്ട് 6.30ന് അരങ്ങേറും. തുടര്‍ന്ന് 8 മണിക്ക് മുത്തപ്പന്‍ വെള്ളാട്ടവും അരങ്ങിലെത്തും. പടവീരന്‍ തെയ്യം ജനുവരി 9ന് വൈകിട്ട് 7നും കുട്ടിച്ചാത്തന്‍ തിറ ജനുവരി 10ന് വൈകിട്ട് 7നും അരങ്ങേറും. ജനുവരി 11ന് വൈകിട്ട് 6 മണിക്ക് ആയോധന ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദര്‍ശനത്തിന് പിന്നാലെ, 16 പന്തങ്ങളുമായി അഗ്‌നികണ്ഠാ കര്‍ണ്ണന്‍ തെയ്യവും അരങ്ങേറും . ജനുവരി 12ന് വൈകിട്ട് 7ന് വസൂരിമാല ഭഗവതി തിറയും വൈകിട്ട് 8ന് സാമൂഹിക വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പൊട്ടന്‍ തെയ്യവും അരങ്ങേറും.