എൽ.ഡി ക്ലർക്ക് പരീക്ഷ; ചോദ്യവും ഉത്തരസൂചികയും തെറ്റെന്ന് ആരോപണം
കോഴിക്കോട്: എല്‍.ഡി. ക്ലർക്ക് നിയമനത്തിനായി ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ പി.എസ്.സി. നടത്തിയ പരീക്ഷയിലെ രണ്ടു ചോദ്യങ്ങള്‍ക്ക് ഓപ്ഷനില്‍ ശരിയുത്തരമില്ലെന്ന് ഉദ്യോഗാർഥികള്‍. പരീക്ഷയ്ക്കു തൊട്ടുപിന്നാലെ പി.എസ്.സി. പ്രസിദ്ധീകരിച്ച പ്രാഥമിക ഉത്തരസൂചികയിലാകട്ടെ നാലു ചോദ്യങ്ങളുടെ ഉത്തരം തെറ്റായി നല്‍കുകയും ചെയ്തു. സെപ്റ്റംബർ ഏഴിനാണ് പരീക്ഷ നടത്തിയത്. ചോദ്യപ്പേപ്പറില്‍ പിശകുള്ളതിനാല്‍ അഞ്ചുവരെ ചോദ്യങ്ങള്‍ ഒഴിവാക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ചോദ്യപ്പേപ്പറില്‍ നിരന്തരം തെറ്റുകള്‍ വരുന്നത് വിവാദമാവുന്നതിനിടെയാണ് തെറ്റുകള്‍ ആവർത്തിച്ചത്. പി.എസ്.സി. പ്രസിദ്ധീകരിച്ച സിലബസിലെ മാർക്ക് ഘടന പാലിച്ചില്ലെന്നും ഉദ്യോഗാർഥികള്‍ ആരോപിക്കുന്നു.
കറന്റ് അഫയേഴ്‌സില്‍നിന്ന് 20 ചോദ്യങ്ങള്‍ സിലബസില്‍ പറയുമ്ബോള്‍, പകുതിയോളമേ പരീക്ഷയിലുണ്ടായിരുന്നുള്ളൂ. മൂന്നു മാർക്കിന്റെ ചോദ്യങ്ങള്‍ പറഞ്ഞ കംപ്യൂട്ടർ ഭാഗത്തുനിന്നും അഞ്ച് ചോദ്യങ്ങളുണ്ട്. അഞ്ച് വീതം ചോദ്യങ്ങള്‍ പറഞ്ഞിരുന്ന ചരിത്രം, ഭരണഘടന, ഫിസിക്‌സ്, കെമിസ്ട്രി ഭാഗങ്ങളില്‍നിന്നും കൂടുതല്‍ ചോദ്യങ്ങള്‍ വന്നു. 98,582 പേർ പരീക്ഷ എഴുതി.