കൊട്ടിയൂര്‍-വയനാട് ചുരം പാതയില്‍ മണ്ണിടിച്ചില്‍ ഭീഷണി
കേളകം: അന്തര്‍ സംസ്ഥാന പാതയായ കൊട്ടിയൂര്‍ -വയനാട് ബോയ്‌സ് ടൗണ്‍ റോഡില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഭീഷണി. പാല്‍ചുരം ചെകുത്താന്‍ തോടിനു സമീപത്താണ് നേരിയ മണ്ണിടിച്ചിലുണ്ടായത്. ചുരം ഡിവിഷന്റെ കീഴില്‍ വരുന്ന പാതയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിഞ്ഞ് പാതയിലേക്ക് പതിക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാണ്.
നിരന്തരം മണ്ണിടിയുന്ന പാതയില്‍ യാത്ര ഭീതിയുടെ നിഴലിലാണ്. മുന്‍വര്‍ഷങ്ങളില്‍ പാതയുടെ വിവിധയിടങ്ങളില്‍ പാറയിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഒരുവശം ചെങ്കുത്തായ മലനിരകളും മറുഭാഗം അഗാധ ഗര്‍ത്തവുമായ പാതയില്‍ യാത്രക്കാര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെകുത്താന്‍ തോടിന് സമീപവും ആശ്രമം വളവിന് സമീപവും ഉള്‍പ്പെടെ നേരിയ തോതില്‍ മണ്ണിടിച്ചിലും വിള്ളലുകളും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് സമീപവാസികളും പറയുന്നു. പാറയിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ളതായും ജാഗ്രത വേണമെന്നും അറിയിച്ച് പാതയില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.