സമീപത്തെ കോളെജ് ഹോസ്റ്റലുകളിലും ലഹരിയെത്തികളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വില്‍പനയുടെ കേന്ദ്രം

കൊച്ചി: കൊച്ചിയിലെ കോളെജ് ഹോസ്റ്റലുകളില്‍ ഓര്‍ഡര്‍ അനുസരിച്ച് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും എത്തിക്കുന്നത് വന്‍ സംഘമെന്ന് പൊലീസ്. രണ്ടുകിലോ കഞ്ചാവ് പിടികൂടിയ കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ ഏഴ് തവണ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ മൊഴി നല്‍കി. കേസില്‍ മുഖ്യപ്രതിയായ മൂന്നാം വര്‍ഷ വിദ്യാത്ഥി അനുരാജ് പിടിയിലായതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. അനുരാജാണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് പണമിടപാട് നടത്തിയതെന്ന് ആദ്യം അറസ്റ്റിലായ വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. കളമശേരി പോളിടെക്നിക് ഹോസ്റ്റലില്‍ മാത്രമല്ല സമീപത്തെ പല കോളെജ് ഹോസ്റ്റലുകളിലും ഈ സംഘം കഞ്ചാവ് എത്തിച്ചതായാണ് വ്യക്തമായിരിക്കുന്നത്. ഈ വിവരമമനുസരിച്ച് മറ്റ് കോളെജ് ഹോസ്റ്റലുകളിലും പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി കളമശേരി പോളിടെക്നികില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റളില്‍ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയത്. കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്. കുളത്തൂപ്പുഴ സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി സ്വദേശി ആര്‍ അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പത്തുഗ്രാമിന്റെ ചെറിയ പാക്കറ്റുകളാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. പാക്ക് ചെയ്യുന്നതിനുള്ള കവറുകളും കഞ്ചാവ് അളക്കാനുള്ള ത്രാസും പോലീസ് കണ്ടെത്തിയിരുന്നു. കഞ്ചാവ് 500, 1000 രൂപ നിരക്കിലുള്ള പാക്കറ്റുകളിലാക്കി വിദ്യാര്‍ത്ഥികല്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.
പിടിയിലായ അഭിരാജ് എസ്എഫ്ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. അതേസമയം അഭിരാജിന് എസ്എഫ്ഐ അംഗത്വമില്ലെന്നും വെള്ളിയാഴ്ച നടന്ന യൂണിറ്റ് സമ്മേളനത്തില്‍ അഭിരാജിനെ പുറത്താക്കിയതാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അറിയിച്ചിരുന്നു. പഠനകാലത്ത് കെഎസ്യു പ്രവര്‍ത്തകനായിരുന്നു അറസ്റ്റിലായ കെ എസ് ഷാലിഖ് എന്നാണ് പുറത്തുവന്ന വിവരം.
പോളിടെക്നിക്കിലെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചതിനെത്തുടര്‍ന്ന് പിടിയിലായ വിദ്യാര്‍ത്ഥികളുടെ മൊഴിയനുസരിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ആഷിഖും കെ എസ് ഷാലിഖും അറസ്റ്റിലായത്. ഹോസ്റ്റലില്‍ റെയ്ഡ് നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന രണ്ടുപേരും ഓടിരക്ഷപ്പെടുകയായിരുന്നു. ആലുവയിലെ ഇവരുടെ വീടുകളില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പൂര്‍വ്വവിദ്യാര്‍ത്ഥി മുഹമ്മദ് ആഷിഖാണ് പ്രധാന ലഹരി ഇടപാടുകാരനെന്നും പോലീസ് അറിയിച്ചു.
ലഹരി എത്തിച്ച് നല്‍കിയത് ഇതര സംസ്ഥാന തൊഴിലാളികളാണെന്നും സുഹൈല്‍ ഭായി എന്നയാളാണ് കഞ്ചാവെത്തിച്ചത് എന്നായിരുന്നു പിടിയിലായ വിദ്യാര്‍ത്ഥികളുടെ മൊഴി. ഇയാള്‍ക്ക് വേണ്ടിയും തിരച്ചില്‍ നടക്കുന്നുണ്ട്.ബീഹാരില്‍ നിന്നം ഒഡിഷയില്‍ നിന്നുമാണ് കഞ്ചാവ് എത്തിയിരുന്നത്. കളമശേരി ലഹരിക്കേസില്‍ നിലവില്‍ ആറ് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ലഹരി ഉപയോഗിക്കുന്നവരുടെ വലിയൊരു ഗ്യാങ്ങ് കോളേജ് ഹോസ്റ്റലിലുണ്ടായിരുന്നു. പിടിയിലായവരുടെ മൊഴി പ്രകാരം കൂടുതല്‍ പേരില്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഏതുസമയത്തും ഹോസ്റ്റലില്‍ കഞ്ചാവെത്തിക്കാന്‍ ഒരുസംഘം തയ്യാറായിരുന്നു. കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റല്‍ കഞ്ചാവിന്റെ വിതരണ കേന്ദ്രമായിരുന്നുവെന്നും സമീപത്തെ മറ്റ് കോളേജ് ഹോസ്റ്റലുകളിലേക്കും ഇവിടെ നിന്നും കഞ്ചാവ് എത്തിയിരുന്നുവെന്നുമാണ് വ്യക്തമായിരിക്കുന്നത്. ഹോളി ആഘോഷത്തിനായി നാലുകിലോ കഞ്ചാവായിരുന്നു ഇവിടേയ്ക്ക് എത്തിച്ചിരുന്നത്. അതില്‍ രണ്ടുകിലോ മാത്രമാണ് പടിച്ചെടുക്കാനായത്. ബാക്കി രണ്ടുകിലോ കഞ്ചാവ് എവിടേയ്ക്കാണ് കൊണ്ടുപോയതെന്നതിനെക്കുറിച്ച് അറസ്റ്റിലായവര്‍ വ്യക്തമാക്കിയിട്ടില്ല.