തിരുവനന്തപുരം: വയനാട് ദുരിത ബാധിതർക്ക് കെ എസ് എഫ് ഇ യുടെ റിക്കവറി നോട്ടിസ് നൽകിയ സംഭവം. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കെഎസ്എഫ്ഇ ചെയര്‍മാൻ കെ വരദരാജൻ പറഞ്ഞു. ഒപ്പം നടപടി നിര്‍ത്തിവെക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് ദുരന്ത ബാധിതര്‍ക്കെതിരെ ഇനി ഒരു നടപടിയും ഉണ്ടാകില്ലെന്നും . നേരത്തെ തന്നെ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ലെന്ന് തീരുമാനം എടുത്തിരുന്നതാണെന്നും. അങ്ങനയിരിക്കെ ഇത്തരത്തിൽ നോട്ടീസ് നൽകിയ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാൻ കോഴിക്കോട് കെഎസ്എഫ്ഇ റിജ്യണൽ മേധാവിയോട് നിര്‍ദേശം നൽകിയിട്ടുണ്ടെന്നും വരദരാജൻ പറഞ്ഞു.
മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് ചൂരൽമല സ്വദേശികളായ സൗജത്ത് , മിന്നത്ത് എന്നിവർക്കാണ് കെഎസ്എഫ്ഇയിൽ നിന്നും നോട്ടീസ് ലഭിച്ചത്. എന്നാൽ വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായി താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇരുവരുടെയും കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത്. ഇത്തരമൊരു നടപടി ഇപ്പോള്‍ ഒഴിവാക്കണമെന്ന് കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. നേരത്തെ ദുരിത ബാധിതരിൽ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇയുടെ അപ്രതീക്ഷിത നടപടി.