കോഴിക്കോട് സ്വദേശിനി സൗദിയിൽ മരിച്ചു

കോഴിക്കോട് : സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മലയാളി മരിച്ചു. കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശിനിയായ റുബീന കരിമ്പലങ്ങോട്ട് (35) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. സ്വന്തം ഫ്ലാറ്റിൽവെച്ച് ഹൃദയാഘാതം ഉണ്ടാക്കുകയായിരുന്നു. രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് അയച്ച ശേഷമാണ് സംഭവം. ക്ലാസ് കഴിഞ്ഞ് ഉച്ചതിരിഞ്ഞ് മക്കൾ വീട്ടിലെത്തിയപ്പോൾ വാതിലിൽ തട്ടിവിളിച്ചിട്ടും തുറന്നില്ല. അവരുടെ കൈയ്യിലുള്ള താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോളാണ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്.
ജുബൈലിലെ എസ്.എം.എച്ച് കമ്പനിയിൽ ജോലി ചെയ്യുന്ന ചിറ്റംകണ്ടി നെല്ലിക്കാപറമ്പിൽ അബ്ദുൽ മജീദ് ആണ് ഭർത്താവ്. ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥി അംജദും നഴ്‌സറി വിദ്യാർഥിയായ അയാനും മക്കളാണ്. മക്കളെ ഇന്ന് നാട്ടിലേക്ക് അയക്കും.
ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ജുബൈലിലെ ഐ.സി.എഫ് പ്രവർത്തകരും കെ.എം.സി.സി പ്രവർത്തകരും എസ്.എം.എച്ച് അധികൃതരും നിയമ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്. പിതാവ്: അബൂബക്കർ, മാതാവ്: റംല.