കൊയിലാണ്ടി ഗുരുദേവ കോളേജിന് പോലീസ് സംരക്ഷണം
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. പ്രിന്‍സിപ്പലിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. പ്രിന്‍സിപ്പലിന്റെ അനുമതിയില്ലാതെ പുറത്ത് നിന്നുള്ളവര്‍ക്ക് കോളേജിലേക്ക് പ്രവേശനം അനുവദിക്കരുതെന്നും ഇക്കാര്യം പോലീസ് ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോളേജില്‍ സമാധാനാന്തരീക്ഷം ഉറപ്പ് വരുത്താനും പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ നടക്കുന്ന ദിവസം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ടാണ് ക്യാമ്പസില്‍ തര്‍ക്കം തുടങ്ങിയത്. പിന്നാലെ പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, പ്രിന്‍സിപ്പലാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ആരോപിച്ച് എസ്.എഫ്.ഐ. ഏരിയാ പ്രസിഡന്റ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗം നടത്തിയതും വിവാദമായിരുന്നു.