x
NE WS KE RA LA
Accident Kerala

കൊടകര വാഹനപകടം : പരിക്കേറ്റ യുവതി മരിച്ചു

കൊടകര വാഹനപകടം : പരിക്കേറ്റ യുവതി മരിച്ചു
  • PublishedDecember 19, 2024

തൃശൂര്‍: കൊടകരയില്‍ അജ്ഞാത വാഹനമിടിച്ച് തെറിപ്പിച്ച സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് ഏഴുമാസമായി കിടപ്പിലായിരുന്ന നൂലുവള്ളി സ്വദേശി അനുവിന്‍റെ ഭാര്യ അനുജ മരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കഴിഞ്ഞ മെയ് 14നാണ് അപകടമുണ്ടായത്. അപകടത്തിനുശേഷം കഴിഞ്ഞ ഏഴു മാസമായി അനുജ ചലനമറ്റ് കിടപ്പിലായിരുന്നു. എന്നാൽ അനുജയെയും അനുവിനെയും ഇവരുടെ മകനെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ അജ്ഞാത വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംഭവത്തിൽ കൊടകര പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇടിച്ചവര്‍ ആരാണെന്നോ ഏതു വാഹനമാണെന്നോ പോലും അറിയാൻ നിൽക്കാതെ ഏഴു മാസത്തെ ചികിത്സക്കൊടുവിലാണ് അനുജ ഇന്നലെ വിടവാങ്ങിയത്.

ഭാര്യയുടെ സുഹൃത്തിന്‍റെ അനുജന്‍റെ കല്യാണത്തിന്‍റെ റിസപ്ഷനിൽ പങ്കെടുക്കാൻ വേണ്ടിയാണ് തൃശൂരിൽ എത്തിയത്. ഇതിനിടെ, കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ച് വരും വഴി രാത്രി എട്ടോടെയാണ് അപകടം. അനുവും ഭാര്യ അനൂജയും മകൻ അര്‍ജുനും കൊടകര കുഴിക്കാണി ഭാഗത്ത് വെച്ച് റോഡരികിലൂടെ നടന്നുവരുകയായിരുന്നു.

പെട്ടെന്നാണ് ഒരു വാഹനം മൂന്നുപേരെയും ഇടിച്ചുതെറിപ്പിച്ചശേഷം കടന്നുപോയത്. ഇടിയുടെ ആഘാതത്തിൽ മൂവരും പലയിടത്തായി തെറിച്ച് വീഴുകയായിരുന്നു . മകൻ ചെളിക്കുഴിയിലേക്ക് വീണതിനാൽ ഗുരുതരമായ പരിക്ക് ഇല്ലായിരുന്നു . ചോരവാര്‍ന്നു കിടക്കുന്ന അമ്മയുടേയും അച്ഛന്‍റെയും കാഴ്ച അവൻ ഇന്നും മറന്നിട്ടില്ല.

അന്നത്തെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനുജയ്ക്ക് പിന്നെ എഴുന്നേൽക്കാൻ ആയില്ല. മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഒന്നും ഉണ്ടായില്ല. ചികിത്സയുടെ ഭാഗമായി 20 ലക്ഷത്തിലധികം രൂപയുടെ കടവുമുണ്ട്. എന്നാൽ വാഹനം കണ്ടെത്തിയാല്‍ ഇന്‍ഷുറന്‍സ് സഹായമെങ്കിലും ലഭിക്കുമെന്നാണ് കരുതുന്നത്.

അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ അനു അന്ന് അപേക്ഷ നൽകിയിരുന്നു. പിന്നീട് ചാലക്കുടി ഡിവൈഎസ്‍പി വിളിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇപ്പോഴും അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നു. അനുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *