‘ഹൈക്കോടതി ഉത്തരവിനെപ്പോലും മറികടന്നാണ് ആരോപണം എത്തിയത്’ : കെകെ ശൈലജ

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് വിഷയത്തിൽ പ്രതികരിച്ച് കെ.കെ. ശൈലജ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണയെ വിചാരണ ചെയ്യാന്‍ അനുമതി നൽകിയ നടപടി രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയത്ത് എന്തെങ്കിലുമൊന്ന് സിപിഎമ്മിനെതിരായിട്ട് പുതുതായിട്ട് എടുത്തിടാന്‍ സാധിക്കുമോ എന്നുള്ള രീതിയിലാണ് ഇപ്പോള്‍ അന്വേഷണത്തിന് അനുമതി പ്രഖ്യാപിച്ചിട്ടുള്ളത്. പക്ഷെ അതൊന്നും കോടതിയില്‍ നിലനില്‍ക്കുന്നതല്ലെന്നും കെ.കെ. ശൈലജ പറഞ്ഞു.
അതേസമയം ‘ഇത്തരത്തിലുള്ള മെയിന്റനന്‍സ് കരാര്‍ ഒപ്പിടുമ്പോൾ ആ സമയത്ത് തന്നെ കരാറാണ്, അടുത്ത മാസം മുതല്‍ തന്നെ അക്കൗണ്ടിലേക്ക് പണം വരണം എന്നുള്ളത്. ജോലി കൊടുക്കേണ്ടത് കമ്പനിയാണ്. കമ്പനിക്ക് വേണ്ടി ജോലി ചെയ്തിട്ടില്ല എന്ന ആക്ഷേപം കമ്പനി ഇതുവരെ ഉന്നയിച്ചിട്ടില്ല. പരാതി വരുന്ന സമയത്ത് കരാര്‍ നിലനില്‍ക്കുമ്പോള്‍ ആ കമ്പനി ജോലി കൊടുക്കുമോ ചെയ്യുമോ എന്ന് പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ആളുകള്‍ തയ്യാറാവുന്നില്ല. എത്ര ഉപരിപ്ലവമായിട്ടുള്ള ആരോപണമാണ് ഈ കമ്പനിക്കെതിരേ ഉന്നയിച്ചിരിക്കുന്നതെന്ന് കാണാന്‍ സാധിക്കുമെന്നും കെ.കെ. ശൈലജ പറഞ്ഞു.
‘ഇവിടെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുകയാണ്. നാടാകെ അതിന്റെ അലകളുണ്ട്. വളരെ ആവേശകരമായിട്ടാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. അതെല്ലാം കാണുന്നസമയത്ത് എന്തെങ്കിലുമൊന്ന് സിപിഎമ്മിനെതിരായിട്ട് പുതുതായിട്ട് എടുത്തിടാന്‍ സാധിക്കുമോ എന്നുള്ള രീതിയിലാണ് ഇപ്പോള്‍ അന്വേഷണത്തിന് അനുമതി പ്രഖ്യാപിച്ചിട്ടുള്ളത്. അതൊന്നും കോടതിയില്‍ നിലനില്‍ക്കില്ല. വിജിലന്‍സ് അന്വേഷണം കഴിഞ്ഞ് കോടതി കേസെടുക്കാനാവശ്യമായിട്ടുള്ള യാതൊന്നും ഇതിലില്ല എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞ സമയത്താണ് ഹൈക്കോടതി ഉത്തരവിനെപ്പോലും മറികടന്നുകൊണ്ടുള്ള ആരോപണം എത്തിയത്. ഇത് തികച്ചും രാഷ്ട്രീയപ്രേരിതമാണ് എന്നാണ് ശൈലജ പറഞ്ഞത്.