x
NE WS KE RA LA
National Sports

നോഹ വേഗരാജാവ്

നോഹ വേഗരാജാവ്
  • PublishedAugust 5, 2024

പാരിസ്: അമേരിക്കയുടെ നോഹ ലൈൽസ് പാരീസ് ഒളിമ്പിക്‌സിലെ വേഗരാജാവ്. 100 മീറ്റർ 9.79 സെക്കന്റിൽ ഫിനിഷ് ചെയ്താണ് നോഹ സുവർണനേട്ടം സ്വന്തമാക്കിയത്. അത്യന്തം ആവേശകരമായ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്. ജമൈക്കൻ താരം കിഷൈൻ തോംസണും നോഹും 9.79 സെക്കന്റിലാണ് മത്സരം ഫിനിഷ് ചെയ്തത്. എന്നാൽ സെക്കന്റിൽ അയ്യായിരത്തിൽ ഒരംശത്തിന് നോഹ തോംസണെ മറികടന്നു. അമേരിക്കയുടെ തന്നെ ഫ്രെഡ് കെർലിയാണ് മൂന്നാമന്‍. അവസാന സെക്കന്റ് വരെ മുന്നിലോടിയിരുന്ന തോംസണെ ഒറ്റക്കുതിപ്പിലാണ് നോഹ പിന്നിലാക്കിയത്.

വിജയികളാരാണെന്ന് പോലുമറിയാതെ സ്‌ക്രീനിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു താരങ്ങൾ. ഒടുവിൽ അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് ഫോട്ടോ ഫിനിഷിലൂടെ വിധിയെത്തി. നോഹ ചാമ്പ്യൻ. 2004 ഒളിമ്പിക്‌സിൽ സ്വർണം നേടിയ ജസ്റ്റിൻ ഗാറ്റ്‌ലിന് ശേഷം 100 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ അമേരിക്കക്കാരനാണ് നോഹ. ടോക്യോ ഒളിമ്പിക്‌സിൽ 200 മീറ്ററിൽ താരം വെങ്കലമണിഞ്ഞിരുന്നു. നോഹയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് പാരീസ് ഒളിമ്പിക്സ് ഫൈനലില്‍ പിറന്നത്. സെമിയിൽ 9.83 സെക്കന്റിലോടി മൂന്നാമനായി ഫിനിഷ് ചെയ്ത നോഹ ഫൈനലിൽ നടത്തിയ അതിശയക്കുതിപ്പ് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് കായികലോകം.

Leave a Reply

Your email address will not be published. Required fields are marked *