കോട്ടയം : ഒരുകാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കുമെന്നതിന്റെ ഗ്യാരന്റിയാണ് എൽഡിഎഫ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത രാജ്യങ്ങളിലെ ജീവിത നിലവാരത്തിലേക്ക് കേരളത്തിലെ ജനങ്ങളെ ഉയർത്തുകയാണ് നവകേരളം കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടിയാണ് കേരളത്തിലെ സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ കൊടുക്കാനാകുന്ന ഒരു സാഹചര്യം കേരളം സൃഷ്ടിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകളെയും പുതുക്കിപ്പണിഞ്ഞ് ലോകത്തിന് മാതൃകയായി കേരളം രൂപപ്പെടണം. എല്ലാ മൗലിക പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാകുന്ന ഒരു സംസ്ഥാനമായി നമുക്ക് മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തെപ്പറ്റി ആലോചിക്കാൻ പറ്റാത്തവരാണ് കേരളത്തിലെ യുഡിഎഫ് എന്നും എം വി ഗോവിന്ദൻ ആരോപിച്ചു .