കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 23 മുതൽ

കോഴിക്കോട് : ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് ജനുവരി 23 മുതൽ 26വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്നു . സാഹിത്യത്തിന്റെയും സംസ്ക്‌കാരത്തിൻ്റെയും ചരിത്ര സമന്വയത്തിന് സാക്ഷിയാകുന്ന കെ.എൽ. എഫിൽ 15 രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രഭാഷകർ പങ്കെടുക്കും. ആശയം, സംസ്ക്കാരം,കല എന്നിവയുടെ സംഗമവേദിയായി മാറുന്ന ഈ വേദിയിൽ വിവിധ മേഖലകളിലെ പ്രമുഖർ ഇത്തവണ ഭാഗമാകും.
ഇതാദ്യമായാണ് ആറ് ബുക്കർ സമ്മാനജേതാക്കൾ ഒന്നിച്ച് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. നൊബേൽ സാഹിത്യജേതാക്കളായ ഡോ. വെങ്കി രാമകൃഷ്‌ണനും എസ്‌തർ ഡുഫ്ലോ എന്നിവരും കെ.എൽ.എഫിനെ ബൗദ്ധികസംവാദങ്ങളുടെ വേദിയാക്കും.
കലാസാംസ്കാരികമായ പൈതൃകം വിളിച്ചറിയിച്ചുകൊണ്ടാണ് ഇത്തവണത്തെ അതിഥിരാജ്യമായ ഫ്രാൻസ് എത്തുന്നത്. കഴിഞ്ഞ തവണ തുർക്കിയായിരുന്നു അതിഥി രാജ്യം. ഫിലിപ്പ് ക്ലോഡൽ, പിയറി സിങ്കാരവെലു, ജോഹന്ന ഗുസ്താവ്‌സൺ, സെയ്‌ന അബിറാച്ചെഡ് തുടങ്ങിയവരാണ് ഫ്രാൻസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
ജൂലി സ്റ്റീഫൻ ചെങ്, തിമോത്തി ഡി ഫോംബെല്ലെ, ഫ്രെഡ് നോവ്‌ചെ എന്നിവരുടെ സംഭാവനകൾ സാഹിത്യം, ചരിത്രം, കല എന്നീ മേഖലകളിലെ ചർച്ചകളെ സംമ്പുഷ്ട്ടമാകും. ഇവരെ കൂടാതെ ഇന്ത്യയിലെ പ്രശസ്‌തരായ സാഹിത്യകാരന്മാരും കലാകാരന്മാരും വേദി അലങ്കരിക്കും.