കേരളം ലഹരിയുടെ പിടിയില്‍; കരിപ്പൂര്‍ വഴിയും ലഹരിക്കടത്ത്വ്യാപക പരിശോധന: ഒന്നരക്കിലോ എംഡിഎംഎ പിടികൂടി

മലപ്പുറം: സ്വര്‍ണ്ണക്കടത്തിന് കുപ്രസിദ്ധി നേടിയ കരിപ്പൂര്‍ വഴി വിദേശത്ത് നിന്ന് മാരകമായ ലഹരിമരുന്ന് കടത്തും. കരിപ്പൂരിലെ ഒരു വീട്ടില്‍ നിന്ന് ഒന്നരക്കിലോ എംഡിഎംഎ പോലീസ് പിടിച്ചെടുത്തതോടെയാണ് വിമാനത്താവളത്തിലൂടെയുള്ള ലഹരിക്കടത്ത് വ്യക്തമായത്. മയക്കുമരുന്ന് കേസില്‍ എറണാകുളം മട്ടാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ള കരിപ്പൂര്‍ മുക്കൂടുമുള്ളന്‍ മടക്കല്‍ ആഷിഖിന്റെ(27) വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഒമാനില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന എംഡിഎംഎ കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി കടത്തിയിരുന്നതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.
ജനുവരിയില്‍ മട്ടാഞ്ചേരി പോലീസ് നടത്തിയ റെയ്ഡുകളില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുമായി ഒരു യുവതി അടക്കം ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് എംഡിഎംഎ വിതരണം ചെയ്തിരുന്ന പ്രധാനിയായ ആഷിഖും മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായത്. ഒമാനില്‍ അഞ്ചുവര്‍ഷമായി സൂപ്പര്‍മാര്‍ക്കറ്റ് ലീസിനെടുത്ത് നടത്തുകയായിരുന്ന ആഷിഖ് ഒമാനില്‍ നിന്ന് കുറഞ്ഞവിലയ്ക്ക് വാങ്ങുന്ന എംഡിഎംഎയാണ് കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി കടത്തിയിരുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്കുള്ളിലും ഫ്ളാസ്‌ക്കുകളിലും ഒളിപ്പിച്ചായിരുന്നു എംഡിഎംഎ കടത്തിയത്. തുടര്‍ന്ന് ഇയാള്‍ കേരളത്തിലെത്തിയെന്ന വിവരം ലഭിച്ചതോടെ മട്ടാഞ്ചേരി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ആഷിഖിനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച എംഡിഎംഎ പിടിച്ചെടുത്തത്. എയര്‍ കാര്‍ഗോ വഴിയാണ് ഇയാള്‍ ഒന്നരക്കിലോ എംഡിഎംഎ വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയത്.
കൊച്ചി നഗരത്തില്‍ ഇന്നലെ നടന്ന മിന്നല്‍ പരിശോധനയില്‍ ലഹരി ഉപയോഗിച്ചവരും കടത്തിയവരുമടക്കം മുന്നൂറുപേരാണ് പോലീസ് പിടിയിലായത്. കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമടക്കം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ലഹരിവ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്ന അവസരത്തില്‍ പോലീസും എക്സൈസുമെല്ലാം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടത്തുന്നുണ്ട്.
തിരുവല്ലയില്‍ പത്തുവയസ്സുകാരനായ മകനെ എംഡിഎംഎ വില്‍പനയ്ക്ക് ഉപയോഗിച്ച പിതാവിനെതിരേ ലഹരിക്കടത്തിനും ബാലനീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. മയക്കുമരുന്ന് പ്ലാസ്റ്റിക് കവറിലാക്കി മകന്റെ ശരീരത്തില്‍ സെല്ലോ ടേപ്പുവെച്ച് ഒട്ടിച്ച് മെഡിക്കല്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് വില്‍പ്പന നടത്തിയ തിരുവല്ല സ്വദേശിയാണ് ശനിയാഴ്ച പോലീസിന്റെ പിടിയിലായത്. ലഹരിവില്‍പ്പനയ്ക്കിടെ പോലീസ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാനാണ് മകനെ മറയാക്കിയിരുന്നത്. എറണാകുളത്തുനിന്ന് എത്തിക്കുന്ന എംഡിഎംഎ. രണ്ടോ മൂന്നോ ഗ്രാം അടങ്ങുന്ന പക്കറ്റിലാക്കി തിരുവല്ലയിലും പരിസരങ്ങളിലുമുള്ള സ്‌കൂള്‍, കോളേജ് കേന്ദ്രീകരിച്ചാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് പൊലീസിനെ കണ്ട പരിഭ്രാന്തിയില്‍ എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മെഡിക്കല്‍ കോളെജില്‍ ചികിത്സയ്ക്കിടെ മരിച്ചിരുന്നു. കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാനിദ് എംഡിഎംഎ പാക്കറ്റ് വിഴുങ്ങുകയായിരുന്നു. അമിതമായ അളവില്‍ മക്കുമരുന്ന് ശരീരത്തിലെത്തിയതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്.
തൊടുപുഴ ഹൈബ്രിഡ് കഞ്ചാവുമായി സിനിമയുടെ ലോക്കേഷനിലേക്ക് പോകുന്നതിനിടെ സിനിമാ മേക്കപ്പ്മാന്‍ പിടിയിലായിരുന്നു. ആര്‍ ജി വയനാടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഇന്നലെ പുലര്‍ച്ചെ എക്സൈസിന്റെ പിടിയിലായത്. 45 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ആവേശം, പെങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളുടെ മേക്കപ്പ്മാനായി രഞ്ജിത്ത് പ്രവര്‍ത്തിച്ചിരുന്നു.
ലഹരിവില്‍പന സംബന്ധിച്ചു പൊലീസിനു വിവരം നല്‍കിയെന്നാരോപിച്ചു യുവാവിനെയും മാതാവിനെയും അയല്‍വാസികളായ യുവാക്കള്‍ വീട്ടില്‍ക്കയറി മര്‍ദിച്ചു. ചെര്‍ക്കള കെ കെ പുറം കുന്നില്‍ കാച്ചിക്കാടിലെ ബി.അഹമ്മദ് സിനാന്‍, മാതാവ് സല്‍മ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.