സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് നിരാശ
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിജയം തുടരാന്‍ കേരളത്തിന് സാധിക്കാതെ പോയി. ആദ്യ മത്സരത്തില്‍ ഒഡീഷയെ 10 വിക്കറ്റിന് തോല്‍പ്പിച്ച കേരളത്തിന് ഈ മികവ് റെയില്‍വേസിനോട് ആവര്‍ത്തിക്കാനായില്ല. ആദ്യ മത്സരത്തില്‍ ഒഡീഷയെ 10 വിക്കറ്റിന് തകര്‍ത്ത ആത്മവിശ്വാസത്തിലിറങ്ങിയ കേരളം രണ്ടാം മത്സരത്തില്‍ റെയില്‍വേസിനോട് 32 റണ്‍സിന് തോറ്റിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസിനെ 7 വിക്കറ്റിന് 149 റണ്‍സിലൊതുക്കാന്‍ കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് സാധിച്ചു. മറുപടിക്കിറങ്ങിയ കേരളത്തിന് ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സാണ് നേടാനായത്. ഇതോടെ കേരളത്തിന് തോല്‍വി നേരിടേണ്ടി വരികയായിരുന്നു. കേരളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. ക്യാപ്റ്റനും ഓപ്പണറുമായ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. സീനിയര്‍ താരമായ സഞ്ജു 25 പന്തില്‍ 19 റണ്‍സാണ് നേടിയത്. രണ്ട് ഫോറും 1 സിക്‌സും സഞ്ജു നേടിയെങ്കിലും 76 മാത്രമായിരുന്നു പ്രഹര ശേഷി. പതിയെ കളിച്ച് അതിവേഗം റണ്‍സുയര്‍ത്താനുള്ള സഞ്ജുവിന്റെ തന്ത്രം പാളുകയായിരുന്നു. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലും ഫ്‌ളോപ്പായി. 14 പന്ത് നേരിട്ട് 8 റണ്‍സാണ് താരത്തിന് നേടാനായത്. അഹമ്മദ് ഇമ്രാനും കാര്യമായൊന്നും ചെയ്യാനായില്ല. 15 പന്ത് നേരിട്ട് 12 റണ്‍സാണ് ഇമ്രാന്‍ നേടിയത്.
സീനിയര്‍ താരവും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ വിഷ്ണു വിനോദിനും കേരളത്തെ രക്ഷിക്കാനായില്ല. ഏഴ് പന്ത് നേരിട്ട് ഏഴ് റണ്‍സാണ് വിഷ്ണു നേടിയത്. അബ്ദുല്‍ ബാസിത് 10 പന്തില്‍ 7 റണ്‍സെടുത്ത് മടങ്ങി. ഫിനിഷര്‍ റോളില്‍ സല്‍മാന്‍ നിസാര്‍ പ്രതീക്ഷ നല്‍കി. 14 പന്തില്‍ 18 റണ്‍സെടുത്തെങ്കിലും മാച്ച് വിന്നറാവാന്‍ സല്‍മാനും സാധിക്കാതെ പോയി. അഖില്‍ സ്‌കറിയ 18 പന്തില്‍ 16 റണ്‍സും ഷറഫുദ്ദീന്‍ രണ്ട് പന്തില്‍ ആറ് റണ്‍സും നേടി പുറത്തായി. അന്‍കിത് ശര്‍മ 11 പന്തില്‍ 15 റണ്‍സോടെ പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 117 എന്ന നിലയിലേക്ക് കേരളം ഒതുങ്ങി. ശക്തമായ ബാറ്റിങ് നിരയുണ്ടായിട്ടും ഇതിനൊത്ത പ്രകടനം നടത്താന്‍ കേരള താരങ്ങള്‍ക്ക് സാധിക്കാതെ പോയതാണ് നിരാശപ്പെടുത്തുന്നത്. റെയില്‍വേസിനായി അതല്‍ ബിഹാരി റായ് മൂന്ന് വിക്കറ്റും ശിവം ചൗധരി രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത് റെയില്‍വേസിനായി നവ്‌നീത് വിര്‍ക് 29 പന്തില്‍ 32 റണ്‍സ് നേടി. രവി സിങ് 14 പന്തില്‍ 25 റണ്‍സ് നേടി. മധ്യനിരയിലെ ഇവരുടെ പ്രകടനമാണ് റെയില്‍വേസിന് നിര്‍ണ്ണായകമായി മാറിയത്. ക്യാപ്റ്റന്‍ കരണ്‍ ശര്‍മ 17 പന്തില്‍ 14 റണ്‍സ് നേടി. കേരളത്തിനായി കെ എം ആസിഫ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഷറഫുദ്ദീന്‍, അഖില്‍ സ്‌ക്കറിയ എന്നിവര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.