x
NE WS KE RA LA
Sports

ദക്ഷിണാഫ്രിക്കന്‍ ടി20ക്ക് മുമ്പ് കരുത്തുകാട്ടാന്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ സഞ്ജു

ദക്ഷിണാഫ്രിക്കന്‍ ടി20ക്ക് മുമ്പ് കരുത്തുകാട്ടാന്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ സഞ്ജു
  • PublishedNovember 26, 2025

ഇടവേളക്ക് ശേഷം വീണ്ടുമൊരു ആഭ്യന്തര ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് എത്താന്‍ പോവുകയാണ്. സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് നാളെ തുടക്കം. സയ്യിദ് മുഷ്താഖ് അലി ട്രോഫി സഞ്ജു സാംസണെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഐപിഎല്‍ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലം വരാനിരിക്കെ കേരളത്തിന്റെ യുവതാരങ്ങള്‍ക്ക് പരമ്പര നിര്‍ണ്ണായകമാണ്. ആദ്യ മത്സരത്തില്‍ ഒഡീഷയാണ് കേരളത്തിന്റെ എതിരാളി. ഒഡീഷയ്ക്ക് പുറമെ, റെയില്‍വേ, ഛത്തീസ്ഗഢ്, വിദര്‍ഭ, മുംബൈ, ആന്ധ്ര, അസം എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്. ലഖ്‌നൗ ആണ് എ ഗ്രൂപ്പിലെ മത്സരങ്ങളുടെ വേദി. ആകെ നാല് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഡിസംബര്‍ 18നാണ് ഫൈനല്‍. സഞ്ജു സാംസന്റെ നേതൃത്വത്തില്‍ കരുത്തുറ്റൊരു ടീമുമായാണ് കേരളം ഇത്തവണ കളിക്കാനിറങ്ങുന്നത്. സഞ്ജു സാംസണെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണെ തഴഞ്ഞിരുന്നു. ഇനി ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. ഇതിന് മുന്നോടിയായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇക്കാരണം ചൂണ്ടിക്കാട്ടി സഞ്ജുവിനെ തഴയാനുള്ള സാധ്യതകളും ഏറെയാണ്. യുവത്വവും പരിചയസമ്പത്തും സമന്വയിക്കുന്ന ടീമില്‍ കെസിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വച്ച താരങ്ങളെയും ഉള്‍പ്പെടുത്തിട്ടുണ്ട്. യുവതാരം അഹ്‌മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജുവിനും അഹ്‌മദ് ഇമ്രാനുമൊപ്പം സല്‍മാന്‍ നിസാറും മൊഹമ്മദ് അസറുദ്ദീനും വിഷ്ണു വിനോദും രോഹന്‍ കുന്നുമ്മലും അടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് കേരളത്തിന്റേത്. ഓള്‍ റൗണ്ട് മികവുമായി അഖില്‍ സ്‌കറിയയും ഷറഫുദ്ദീനും അങ്കിത് ശര്‍മ്മയും സാലി സാംസനുമടക്കമുള്ള താരങ്ങളുമുണ്ട്. ഒപ്പം നിധീഷും കെ.എം ആസിഫും വിഘ്‌നേഷ് പുത്തൂരുമടങ്ങുന്ന ബൗളിങ് നിരയും. കെസിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച സിബിന്‍ ഗിരീഷ്, കൃഷ്ണദേവന്‍, അബ്ദുള്‍ ബാസിദ് എന്നിവരും ടീമിനൊപ്പമുണ്ട്. അത് കൊണ്ട് തന്നെ വലിയ പ്രതീക്ഷകളുമായാണ് കേരളം ഇത്തവണ കളിക്കാനിറങ്ങുന്നത്.

കഴിഞ്ഞ സീസണില്‍ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനമായിരുന്നു കേരളത്തിന്റേത്. മുംബൈയും ആന്ധ്രയും മഹാരാഷ്ട്രയും സര്‍വ്വീസസും അടങ്ങുന്ന ഗ്രൂപ്പില്‍ നിന്ന് നേരിയ വ്യത്യാസത്തിലായിരുന്നു നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം നഷ്ടപ്പെട്ടത്. കരുത്തരായ മുംബൈയ്‌ക്കെതിരെ നേടിയ വിജയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 234 റണ്‍സെടുത്ത കേരളം 43 റണ്‍സിനായിരുന്നു മുംബൈയെ കീഴടക്കിയത്. ഐപിഎല്ലിലേക്കുള്ള പടിവാതിലെന്ന നിലയില്‍ക്കൂടി ശ്രദ്ധേയമാണ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റ്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങള്‍ക്ക് ഐപിഎല്‍ ടീമുകളുടെ നോട്ടപ്പട്ടികയില്‍ ഇടംനേടാന്‍ കഴിയും.അതിനാല്‍ യുവതാരങ്ങളെ സംബന്ധിച്ചും ടൂര്‍ണ്ണമെന്റ് നിര്‍ണ്ണായകമാണ്. ഐപിഎല്‍ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലമടക്കം വരാനിരിക്കെ ഏതൊക്കെ താരങ്ങള്‍ അവസരങ്ങള്‍ മുതലാക്കുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

കേരള ടീം – സഞ്ജു വി. സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്‍ (വൈസ് ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍ എം. (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), നിധീഷ് എം. ഡി., ആസിഫ് കെ. എം., അഖില്‍ സ്‌കറിയ, ബിജു നാരായണന്‍ എന്‍, അങ്കിത് ശര്‍മ്മ, കൃഷ്ണ ദേവന്‍ ആര്‍. ജെ., അബ്ദുള്‍ ബാസിത് പി. എ., ഷറഫുദ്ദീന്‍ എന്‍. എം., സിബിന്‍ പി. ഗിരീഷ് , കൃഷ്ണ പ്രസാദ്, സാലി വി. സാംസണ്‍, വിഘ്‌നേഷ് പുത്തൂര്‍, സല്‍മാന്‍ നിസാര്‍.

Leave a Reply

Your email address will not be published. Required fields are marked *