കേദാർനാഥ് ക്ഷേത്രം തുറന്നു;ബദരിനാഥ് നാളെ തുറക്കും

ഡെറാഡൂൺ: മഞ്ഞുകാല ഇടവേളയ്ക്കുശേഷം കേദാർനാഥ് ക്ഷേത്രം തീർഥാടനത്തിനായി വീണ്ടും തുറന്നു. 12,000ലധികം ഭക്തർ ആദ്യദിവസം തന്നെ ക്ഷേത്രത്തിലെത്തി. 11,000 അടി ഉയരത്തിലുള്ള ക്ഷേത്രത്തിന്റെ പ്രവേശനകവാടം രാവിലെ ഏഴോടെ തീർഥാടകർക്കായി തുറന്നെന്ന് ബദരിനാഥ്-കേദാർനാഥ് ക്ഷേത്രക്കമ്മിറ്റി അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ആദ്യദിനംതന്നെ കേദാർനാഥിൽ ദർശനംനടത്തിയിരുന്നു.
‘ചാർ ധാം’ യാത്രയിലെ നാലുക്ഷേത്രങ്ങളിലൊന്നാണ് ശിവക്ഷേത്രമായ കേദാർനാഥ്. ബദരിനാഥ് ക്ഷേത്രം മേയ് നാലിന് തുറക്കും. മഞ്ഞുകാലത്ത് ഈ ക്ഷേത്രങ്ങളൊക്കെ ആറുമാസത്തേക്ക് അടച്ചിടാറുണ്ട്. ഈ വർഷം ഇതുവരെ 22 ലക്ഷത്തോളം തീർഥാടകർ യാത്രയ്ക്ക് രജിസ്റ്റർചെയ്ത സ്ഥിതിക്ക് ഏകദേശം 60 ലക്ഷംപേരെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.യാത്രാവഴിയിൽ പോലീസുകാരെയും അർധസൈനികരെയുമൊക്കെ നിയോഗിച്ചിട്ടുണ്ട്. അതിനോടൊപ്പം 65 അപകടസാധ്യതാപ്രദേശങ്ങളിൽ സംസ്ഥാന ദുരന്തനിവാരണസേനയെയും നിയോഗിച്ചു.