തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിർണയ നടപടികൾ നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. രേഖകൾ പരിശോധിച്ച് നഷ്ടപരിഹാരത്തുക നിർണയിക്കുമെന്നും. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം യോഗം ചേരുമെന്നും.
റവന്യൂ റിക്കവറി ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട ഭൂപ്രശ്നം പ്രതിപക്ഷം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ മറുപടി.
വിജ്ഞാപനം ചെയ്ത ഭൂമിയിൽ, വിലനിർണയത്തിലെ കാലതാമസത്തിന് 12% ശതമാനം പലിശ നൽകും.
200 കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും. ഭൂമി വിട്ടു നൽകിയവർക്ക് നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും പരമാവധി വേഗത്തിൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
7282.98 ഏക്കർ ഭൂമിയാണ് വികസന പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്തത്. ഇതുവരെ 31267 കോടി രൂപ ഏറ്റെടുക്കലിനായി ചിലവഴിച്ചു. അതേസമയം, കെ റെയിൽ വരുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചോദ്യത്തിനും മന്ത്രി കെ രാജൻ മറുപടി നൽകി. കെ-റെയിലിനായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി വിൽക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഒരു കുഴപ്പവുമില്ല. ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കും വരെ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.