ബലാത്സംഗം ചെയ്‌തെന്ന പരാതി;കന്നട നടന്‍ അറസ്റ്റില്‍

ബംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കന്നട സീരിയല്‍ നടിയുടെ പരാതിയില്‍ നടന്‍ മദേനൂര്‍ മനു അറസ്റ്റില്‍. മനു നായകനായുള്ള ‘കുലദള്ളി കീല്യവുഡോ’ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് അറസ്റ്റ്. ബുധനാഴ്ച ഉച്ചയ്ക്ക് നടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
നടി പരാതി നല്‍കിയതിന് പിന്നാലെ മനു ഒളിവില്‍ പോയി. വ്യാഴാഴ്ച ഹാസന്‍ ജില്ലയിലെ മദേനൂരില്‍ വെച്ചാണ് മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നും നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചുവെന്നും കാണിച്ചാണ് നടി പരാതി നല്‍കിയിരിക്കുന്നത്.
കന്നഡ റിയാലിറ്റി ഷോയായ കോമഡി ഖിലാഡിഗലു സീസണ്‍ 2 ലെ പ്രകടനത്തിലൂടെ പ്രശസ്തനാണ് മനു. മനുവും പരാതിക്കാരിയും ചില റിയാലിറ്റി ഷോകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 നവംബര്‍ മുതല്‍ 2025 മെയ് വരെ പലതവണ പീഡനത്തിന് ഇരയായതായി നടി പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് മനു ബലാത്സംഗം ചെയ്തതെന്നും പരാതിയിലുണ്ട്.
മാനസികമായും ശാരീരികമായും തന്നെ ചൂഷണം ചെയ്തതായും നടി ആരോപിച്ചു. മനുവിനെ സാമ്പത്തികമായി സഹായിച്ചിട്ടുള്ളതായും യുവതി പൊലീസില്‍ മൊഴി നല്‍കി. ബലാത്സംഗം, വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയുള്ള ലൈംഗിക ബന്ധം, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടനെതിരെ അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.