സംസ്ഥാനത്ത് മെഡിക്കൽ കോളജുകളിൽ ജൂനിയർ ഡോക്ടർമാരുടെ സൂചനാ സമരം തുടങ്ങി
തിരുവനന്തപുരം: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയിലെ വനിതാ പിജി ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനവും ഇന്ന് ഭാഗികമായി തടസപ്പെടും. കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി പിജി ഡോക്ടര്‍മാര്‍ ഇന്ന് ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും. അത്യാഹിത വിഭാഗം, അടിയന്തിര ശസ്ത്രക്രിയകള്‍ ഒഴികെയുള്ള ആശുപത്രി സേവനങ്ങളാണ് യുവ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കുന്നത്. പിജി ഡോക്ടര്‍മാര്‍ക്കൊപ്പം സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും സമരത്തിലാണ്.
സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്‌ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരും ഡ്യൂട്ടി ബഹിഷ്‌കരണ സമരത്തിലാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ദേശീയ സംഘടനയുടെ ആഹ്വാന പ്രകാരമാണ് കേരളത്തിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് കരിദിനം ആചരിക്കുന്നത്. ഈ മാസം 18 മുതല്‍ 31 വരെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും സുരക്ഷാ ക്യാമ്ബയിന്‍ നടത്തുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു.