‘സുരേഷ്‌ഗോപി ഏത് പാർട്ടിയിലാണെന്ന കാര്യം അദ്ദേഹത്തിനറിയില്ല, ബിജെപിക്ക് പോലും അതിൽ സംശയമുണ്ട്’; ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജോൺ ബ്രിട്ടാസ് എംപി. രാഷ്ട്രീയത്തിലും സുരേഷ് ഗോപിക്ക് ഒരു തിരക്കഥാകൃത്തിന്റെ ആവശ്യമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.. ബിജെപി സംസ്ഥാന നേതൃത്വം അദ്ദേഹത്തിനൊരു തിരക്കഥാകൃത്തിനെ നൽകാൻ ശ്രമിക്കണം. ജബൽപുരിൽ വൈദികർ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചപ്പോൾ സുരേഷ് ഗോപി മാധ്യമങ്ങളോട് കയർത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസഹമന്ത്രിയാണെങ്കിലും സുരേഷ് ഗോപിയുടെ വാക്കുകൾ കാര്യമായെടുക്കരുത്. ‘കാരണം അദ്ദേഹം പറയുന്നതിനെ അദ്ദേഹം പോലും കാര്യമായെടുക്കുന്നില്ല. അദ്ദേഹത്തിന്റെ പാർട്ടിപോലും കാര്യമായെടുക്കുന്നില്ല. സുരേഷ്‌ഗോപി ഏത് പാർട്ടിയിലാണെന്ന കാര്യം സുരേഷ്‌ഗോപിക്കറിയില്ല. ബിജെപിക്ക് പോലും അതിൽ സംശയമുണ്ട്. അങ്ങനെ ഒരു വ്യക്തി പറയുന്ന കാര്യത്തിന്റെ സൂക്ഷ്മതലങ്ങൾ വിലയിരുത്തി അതിനെ തൂക്കിനോക്കുന്നതിൽ അർത്ഥമില്ല.
‘കാലിക രാഷ്ട്രീയത്തേക്കുറിച്ച് ജനപ്രതിനിധികൾ സംസാരിക്കുമ്പോൾ അദ്ദേഹത്തിന് കുറേക്കൂടി സഭ്യമായി പ്രതികരിക്കാവുന്നതാണ്. പക്ഷെ അദ്ദേഹത്തെ ഞാൻ കുറ്റം പറയില്ല. കാരണം അദ്ദേഹം ദീർഘകാലം ഒരു തിരക്കഥാകൃത്തിന്റെ സഹായത്തിലാണ് വിരാജിച്ചത്. അദ്ദേഹത്തിന്റെ സിനിമാ നടനെന്ന പരിവേഷമാണ് അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ തന്നെ സഹായകമായത്. സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിലും ഒരു തിരക്കഥാകൃത്തിനെ നൽകാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ശ്രമിക്കണം. കുറേക്കൂടി യുക്തിഭദ്രമായി രാഷ്ട്രീയ ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് മാധ്യമങ്ങൾക്കും അദ്ദേഹത്തിന് പറഞ്ഞുകൊടുക്കാവുന്നതാണ്.
സുരേഷ് ഗോപി എന്റെ ശത്രുവൊന്നുമല്ല മിത്രമാണ്. കഴിഞ്ഞ ദിവസം പാർലമെന്റിൽ നിന്നിറങ്ങിയപ്പോഴും ഊഷ്മളതയോടെയാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. ഇപ്പോൾ ശത്രുവിനെ പോലെ സംസാരിക്കുന്നത് നടനകലയിലുള്ള അദ്ദേഹത്തിന്റെ വൈഭവമായിരിക്കാമെന്നും ആണ് ജോൺ ബ്രിട്ടാസ് പറഞ്ഞത്.