കോഴിക്കോട്: ബാലുശ്ശേരിയിലെ വിനോദസഞ്ചാര കേന്ദ്രമായ വയലടയില്‍ ജീപ്പ് മറിഞ്ഞ് അപകടം. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജീപ്പ് പാറയുടെ മുകളില്‍ നിന്നും താഴേക്ക് മറിയുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം ഉണ്ടായത് . ജീപ്പ് ഭാഗികമായി തകർന്നു. വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും നാട്ടുകാര്‍ അറിയിച്ചു.
വയലടയ്ക്ക് അടുത്ത് തന്നെയുള്ള കക്കയം – തലയാട് റോഡില്‍ മലയോര ഹൈവേ നിര്‍മ്മാണം നടക്കുന്ന 28 -ാം മൈല്‍ – തലയാട് ഭാഗത്ത് മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ മേഖലയിലൂടെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് ഇരുപത്തിയാറാം മൈല്‍ ഭാഗത്ത് വലിയ മണ്ണിടിച്ചിലുണ്ടായത്. റോഡ് നിര്‍മ്മാണത്തിനായി കുത്തനെ മണ്ണിടിച്ച മേഖലയില്‍ മുകളില്‍ നിന്നുള്ള പാറക്കല്ലുകളും മണ്ണും മരങ്ങളും ഒരുമിച്ച് താഴോട്ടു പതിക്കുകയായിരുന്നു