കൽപ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ അപകടമരണത്തിന്റെ ഞെട്ടലിലാണ് കേരളം. ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയും എല്ലാം നഷ്ടപ്പെട്ട ശ്രുതിയെ ജീവിതത്തിലേക്ക് തിരികെ കയറ്റിയത് ജെൻസന്റെ കൈകള്‍ ആയിരുന്നു. എന്നാല്‍ ഇനി ശ്രുതിക്ക് താങ്ങായി ജെൻസനും ഇല്ല എന്നത് വളരെ വേദനാജനകമാണ്. കേരളമൊട്ടാകെ ജെൻസന്റെ മരണത്തില്‍ ഏങ്ങലടിക്കുകയാണ്. ജീവിതത്തില്‍ ഇനി ആർക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന് കേരളം ഒരു പോലെ പ്രാർത്ഥിക്കുകയാണ് ഇപ്പോള്‍. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ജെൻസന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. വയനാട് ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയും അടക്കം ഉറ്റവർ ഇല്ലാതായ ശ്രുതിയുടെ വരൻ വാഹനാപകടത്തില്‍ മരിച്ചു എന്ന വാർത്ത വളരെ വേദനാജനകമാണെന്നും. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്നുള്ള ഉറപ്പാണ് നമുക്ക് ഇപ്പോള്‍ നല്‍കാൻ സാധിക്കുകയെന്നു മുഖ്യമന്ത്രി അനുശോചിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്, വയനാടുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരല്‍മല സ്വദേശി ശ്രുതിക്ക് ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായിരിക്കുന്നുവെന്ന വാർത്ത ഏറെ വേദനാജനകമാണ്. ഇന്നലെ കല്‍പറ്റയിലെ വെള്ളാരംകുന്നില്‍ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന ശ്രുതിയും ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലില്‍ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്‌ടമായ ശ്രുതിക്ക് ഇപ്പോള്‍ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് എന്ത് പകരം നല്‍കിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോള്‍ നല്‍കാൻ സാധിക്കുക. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെ. കൂടാതെ ആരോഗ്യമന്ത്രി വീണ ജോർജ്ജും അനുശോചനം രേഖപ്പെടുത്തി. ശ്രുതിക്ക് ഈ ദുഃഖത്തെയും അതിജീവിക്കാൻ കരുത്ത് ഉണ്ടാകട്ടെ എന്നാണ് വീണ ജോർജ് ഫേസ്ബുക്കില്‍ കുറിച്ചത്. ജൻസൻ്റെ സംസ്കാരം ഇന്ന് നടക്കും.