ഐടി ജീവനക്കാരനെ ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത: ഐടി ജീവനക്കാരനെ ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്ത ന്യൂ ടൗണിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ദ്വയ്പ്യാൻ ഭട്ടാചാര്യ(50) യാണ് കെട്ടടത്തിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്ന് സംശയമുണ്ടെന്നും എന്നാൽ എല്ലാ വശങ്ങളും പരിഗണിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ പൊലീസ് സഹപ്രവർത്തകരിൽ നിന്ന് വിവരങ്ങൾ തേടി.
അതേസമയം ദ്വയ്പ്യാൻ ഭട്ടാചാര്യ മാനസിക സമ്മർദത്തിന് ചികിത്സ തേടിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. അദ്ദേഹത്തിന്റെ ലാപ്‍ടോപും മൊബൈൽ ഫോണും ഉൾപ്പെടെയുള്ളവ പരിശോധിക്കണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക പ്രശ്നങ്ങളോ അലട്ടിയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയും ഐടി മേഖലയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുമ്പോൾ മരണ കാരണത്തിൽ ഉൾപ്പെടെ കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)