ആക്രമണം കടുപ്പിച്ചു ഇസ്രയേൽ ; മാധ്യമപ്രവർത്തകരുടെ താമസ സ്ഥലത്തിനു നേരെയും അക്രമണം

ഗാസ: ഗാസയിൽ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഗാസയിലെ ദെയ്ർ അൽ ബലായിൽ ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇസ്രയേൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർ താമസിച്ചിരുന്ന ടെന്റിന് നേരെയും ആക്രമണം നടന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇസ്രായേൽ പിടിച്ചെടുത്തിരിക്കുകയാണ്. വലിയ പ്രദേശങ്ങളെ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും നിര്‍ബന്ധിത ഒഴിപ്പിക്കലിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട് . പലസ്തീനികള്‍ക്ക് ഗാസയില്‍ മൂന്നില്‍ രണ്ട് ഭാഗങ്ങളിലേക്കും പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഒ സി എച്ച് എ യാണ് ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇസ്രയേല്‍ നിയന്ത്രണത്തിലെന്ന് വ്യക്തമാക്കിയത്.
ഇസ്രയേല്‍ നിരോധിത മേഖലയാക്കി മാറ്റിയ പ്രദേശങ്ങളില്‍ തെക്കന്‍ റാഫയുടെ വലിയ ഭാഗവും ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസം 31നാണ് തെക്കന്‍ റാഫയില്‍ നിന്ന് ഒഴിയണമെന്ന ഉത്തരവ് ഇസ്രയേല്‍ പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ ഗാസ സിറ്റിയിലെ ഭാഗങ്ങളും ഗാസക്കാര്‍ക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്.