‘ഇസ്രയേൽ–ഹമാസ് ഉടൻ രണ്ടാംഘട്ട വെടിനിർത്തൽ കരാറിൽ പ്രവേശിക്കും’: ബെഞ്ചമിൻ നെതന്യാഹു
ടെൽ അവീവ്: ഇസ്രയേലും ഹമാസും ഉടൻ വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് നെതന്യാഹു രണ്ടാംഘട്ട വെടിനിർത്തൽ കരാറിനെക്കുറിച്ച് പരാമർശം നടത്തിയത്. ഗാസയിൽ നിന്നുള്ള അവസാന ബന്ദിയുടെയും മൃതദേഹാവശിഷ്ടങ്ങൾ കൈമാറിയതിനു ശേഷമാണ് രണ്ടാംഘട്ട വെടിനിർത്തൽ കരാറിലേക്ക് പ്രവേശിക്കുക.
ഹമാസിന്റെ നിരായുധീകരണവും ഗാസയിലെ സൈനികവൽക്കരണവും ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗാസയെ സുരക്ഷിതമാക്കാൻ രാജ്യാന്തര സേനയെ വിന്യസിക്കുക, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയിക്കുന്ന ഇന്റർനാഷനൽ ബോർഡിന്റെ നേതൃത്വത്തിൽ ദൈദംദിന കാര്യങ്ങൾ നടപ്പാക്കുന്നതിനായി താൽക്കാലിക പലസ്തീൻ സർക്കാർ രൂപീകരിക്കുക തുടങ്ങിയ വിഷയങ്ങളാണ് രണ്ടാംഘട്ട വെടിനിർത്തൽ കരാറിൽ പറയുന്നത്.
2023 ഒക്ടോബർ 7ന് ഹമാസിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട 24 വയസ്സുകാരനായ പൊലീസ് ഉദ്യോഗസ്ഥൻ റാൻ ഗ്വിലിയുടെ ഭൗതികാവശിഷ്ടങ്ങൾ ഹമാസ് ഇതുവരെ കൈമാറിയിട്ടില്ല. ഗാസയിൽ നിന്നുള്ള അവസാന ബന്ദിയുടെ മൃതദേഹാവശിഷ്ടവും ഇസ്രയേലിൽ നിന്ന് 15 പല്സതീൻകാരുടെ മൃതദേഹവും കൈമാറുന്നതോടെ ഒന്നാംഘട്ട വെടിനിർത്തൽ കരാർ പൂർണ്ണമാകു.