x
NE WS KE RA LA
National Politics

ഇന്ത്യ- അമേരിക്ക താരിഫ് നയം നന്നായി പ്രവർത്തിക്കും; നരേന്ദ്ര മോദി മികച്ച സുഹൃത്തെന്ന് ട്രംപ്

ഇന്ത്യ- അമേരിക്ക താരിഫ് നയം നന്നായി പ്രവർത്തിക്കും; നരേന്ദ്ര മോദി മികച്ച സുഹൃത്തെന്ന് ട്രംപ്
  • PublishedMarch 29, 2025

വാഷിങ്ടൺ: ഇന്ത്യ- അമേരിക്ക താരിഫ് നയം നന്നായി പ്രവർത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂഡൽഹിയും വാഷിങ്ടൺ ഡിസിയും തമ്മിലുള്ള താരിഫ് നന്നായി പ്രവർത്തിക്കും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തണമെന്ന് തന്റെ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും അനുകൂല ഫലം പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ന്യൂജേഴ്‌സിയിൽ വെച്ച് നടന്ന ഒരു സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം.

‘ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയ്ക്ക് മികച്ച പ്രധാനമന്ത്രിയുണ്ട്. പ്രധാനമന്ത്രി മോദി എന്റെ നല്ലൊരു സുഹൃത്താണ്. ഞങ്ങൾ എല്ലായ്പ്പോഴും വളരെ നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ വളരെ നല്ല ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇന്ത്യ-അമേരിക്ക ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്’ എന്നും ട്രംപ് പറഞ്ഞു.

നേരത്തെ, പല അവസരങ്ങളിലും ഇന്ത്യയെ കുറ്റപ്പെടുത്തി കൊണ്ട് അമേരിക്കൻ പ്രസിഡന്റ് രം​ഗത്തെത്തിയിരുന്നു. ലോകത്തിൽ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അവർക്ക് 200 ശതമാനം താരിഫ് ഉണ്ട്. യുഎസ് ഏർപ്പെടുത്തുന്ന ഉയർന്ന താരിഫുകളിൽ നിന്നും ഇന്ത്യ നേട്ടമുണ്ടാകുന്നുണ്ട്. എന്നിട്ടും തിരഞ്ഞെടുപ്പ് സമയത്ത് നമ്മൾ അവരെ സഹായിക്കുന്നു. അവർ നമ്മളെ നന്നായി മുതലെടുക്കുകയാണെ’ന്നും ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ പ്രതികരണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കൂടാതെ ഇന്ത്യക്ക് എതിരെ നൂറ് ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്നും ട്രംപ് നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ ഇന്ത്യ അമേരിക്കയ്ക്ക് നൂറ് ശതമാനമാണ് തീരുവ ചുമത്തുന്നതെന്നും അത് അനീതിയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമായതിനാലാണ് ഏപ്രില്‍ രണ്ട് മുതല്‍ താരിഫ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതേ സമയം, അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പകുതിയോളം ഉത്പന്നങ്ങള്‍ക്കുള്ള നികുതി വെട്ടിക്കുറയ്ക്കാൻ ഇന്ത്യ തയ്യാറെന്ന് റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ ഇതുവരെ ഇന്ത്യ പ്രതികരണം നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *