x
NE WS KE RA LA
Sports

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ തോല്‍വി നേരിട്ടു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ തോല്‍വി നേരിട്ടു
  • PublishedDecember 12, 2025

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ തോല്‍വി നേരിട്ടിരിക്കുകയാണ്. 51 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നാല് വിക്കറ്റിന് 213 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 19.1 ഓവറില്‍ 162 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ പിഴച്ചു. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ബൗളര്‍മാരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ ഇന്ത്യക്ക് തട്ടകത്തില്‍ നാണംകെടേണ്ടി വന്നു. ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങളും ചൂണ്ടിക്കാട്ടാനാവും. ഇപ്പോഴിതാ ഇന്ത്യക്ക് പിഴച്ചത് എവിടെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് . തന്റെ പിഴവ് സൂര്യകുമാര്‍ തുറന്ന് സമ്മതിച്ചിരിക്കുകയാണ്. ‘ഞാനും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കേണ്ടവരാണ്. എല്ലായ്‌പ്പോഴും അഭിഷേകിനെ ആശ്രയിക്കാനാവില്ല. അവന് എല്ലാ ദിവസവും മികവ് കാട്ടാനാവില്ല. ചില മോശം ദിവസങ്ങളും ഉണ്ടാവും. ഞാനും ഗില്ലും മറ്റ് ബാറ്റ്‌സ്മാന്‍മാരും ഇത്തരം സാഹചര്യത്തില്‍ മുന്നോട്ട് വരേണ്ടതായുണ്ട്. ബുദ്ധിപരമായി പിന്തുടര്‍ന്ന് ജയിക്കാമായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. ശുഭ്മാന്‍ ഗില്‍ ആദ്യ പന്തില്‍ പുറത്തായി. ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു. ഇതില്‍ നിന്ന് പഠിച്ച് അടുത്ത മത്സരത്തില്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും’ എന്നാണ് സൂര്യകുമാര്‍ പറഞ്ഞത്.

നായകനെന്ന നിലയില്‍ സൂര്യക്ക് കീഴില്‍ ഇന്ത്യ കിടിലന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. സൂര്യക്ക് കീഴില്‍ ഇന്ത്യ ഇതുവരെ ടി20 പരമ്പര തോറ്റിട്ടില്ല. എന്നാല്‍ ബാറ്റിങ്ങില്‍ പഴയ മികവ് ഇപ്പോള്‍ സൂര്യക്കില്ല. ഒരു കാലത്ത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരമായിരുന്ന സൂര്യകുമാര്‍ യാദവിന് ഇപ്പോള്‍ പഴയ ബാറ്റിങ് വെടിക്കെട്ട് ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. സൂര്യ ഫോമിലേക്ക് തിരിച്ചെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ടി20 ലോകകപ്പ് വരാനിരിക്കെ സൂര്യ ഇതേ ബാറ്റിങ് പ്രകടനം തുടര്‍ന്നാല്‍ ടീമിനത് തിരിച്ചടിയായി മാറാനുള്ള സാധ്യതയാണ് കൂടുതല്‍. ടോപ് ഓഡറില്‍ സൂര്യയും ഗില്ലും ഒരുപോലെ ഫ്‌ളോപ്പാവുന്നതാണ് പ്രശ്‌നം. ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യ ഓപ്പണര്‍ റോളില്‍ വീണ്ടും വീണ്ടും പിന്തുണക്കുകയാണ്. പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താത്ത ഗില്ലിനെ കളിപ്പിക്കുന്നത് സഞ്ജു സാംസണെ ഒതുക്കാനായുള്ള നീക്കമായിത്തന്നെ വിലയിരുത്താം. മൂന്നാം നമ്പറില്‍ അക്ഷര്‍ പട്ടേലിനെ കളിപ്പിച്ചത് എന്തിനാണെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതിനെക്കുറിച്ചും സൂര്യ പ്രതികരിച്ചു. അക്ഷര്‍ പട്ടേല്‍ മികച്ച നിലയില്‍ ബാറ്റ് ചെയ്യുന്നുണ്ട്. ദീര്‍ഘ സമയം ബാറ്റ് ചെയ്യാന്‍ അവന് കഴിവുണ്ട്. അതിനെയാണ് ഞങ്ങള്‍ പിന്തുണച്ചത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അത് ഫലം കണ്ടില്ല എന്നാണ് സൂര്യകുമാര്‍ പറഞ്ഞത്. എന്തായാലും ഇന്ത്യന്‍ ടീമിന്റെ പരീക്ഷണങ്ങള്‍ പാളിയെന്ന് വ്യക്തം. മൂന്നാം മത്സരത്തിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ബൗളിങ് നിരയും ബാറ്റിങ് നിരയും ഒരുപോലെ മികവ് കാട്ടാതെ തിരിച്ചുവരവ് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പിച്ച് പറയാം.

Leave a Reply

Your email address will not be published. Required fields are marked *