ഇന്ത്യ-പാക് ഡിജിഎംഒ ചർച്ച; കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന് ചേരും.

ദില്ലി: ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ ശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടി ഇന്ത്യയ്ക്ക് അഭിമാനനിമിഷമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതുപോലെ അതിർത്തിയിലെ സാഹചര്യം എന്തെന്ന് ഇന്നത്തെ മന്ത്രിസഭായോഗം വിലയിരുത്തും. സുരക്ഷാകാര്യങ്ങൾ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരും.
ഇന്ത്യ – പാക് ഡി ജി എം ഒ തല ചർച്ച 48 മണിക്കൂറിനകം വീണ്ടും നടത്താനാണ് ധാരണയായിരിക്കുന്നത്. അതിൽ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തിൽ ചർച്ചയാകും. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടി ആർ എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ തെളിവുകൾ സഹിതം അടുത്തയാഴ്ച യു എൻ സുരക്ഷാ സമിതിയെ സമീപിക്കാനിരിക്കുകയാണ് . ഇതിനെക്കുറിച്ചും ഇന്നത്തെ കേന്ദ്രമന്ത്രിസഭായോഗത്തിൽ ചർച്ചയുണ്ടാകും.