പാലക്കാട്: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കർമ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന്. ഒരു മണിക്ക് ഓണ്‍ലൈൻ ആയിട്ടാണ് യോഗം നടക്കുക. യോഗത്തിൽ ജില്ലാ പൊലീസ് മേധാവിമാർ, റെയ്ഞ്ച് ഡിഐജി- ഐജിമാരും പങ്കെടുക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ ഗതാഗതവകുപ്പുമായി ചേർന്ന് രാത്രിയും പകലും പരിശോധന കർശനമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് . വാഹനപരിശോധനയും, മദ്യപിച്ചുള്ള വാഹനമോടിപ്പ് തടയാനായി പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ നടത്താനും തീരുമാനിച്ചു. സംസ്ഥാനത്തെ ബ്ലാക്ക് സ്പോർട്ടുകള്‍ കേന്ദ്രീകരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്ന പദ്ധതിയാണ് യോഗത്തിൽ ഇന്ന് പ്രധാനമായും ചർച്ച ചെയ്യുക.
അതുപോലെ , പാലക്കാട് പനയമ്പാടത്ത് അപകടവുമായി ബന്ധപ്പെട്ട് നടത്തിയ സംയുക്ത സുരക്ഷ പരിശോധനയുടെ റിപ്പോ൪ട്ട് ജില്ലാ കലക്ട൪ക്ക് ഇന്ന് കൈമാറും. പനയമ്പാടത്ത് സ്ഥിരം മീഡിയൻ സ്ഥാപിക്കണം, ചുവന്ന സിഗ്നൽ ഫ്ളാഷ് ലൈറ്റുകൾ, വേഗത കുറയ്ക്കാനുള്ള ബാരിയര്‍ റിമ്പിള്‍ സ്ട്രിപ്പ്, റോഡ് സ്റ്റഡ്, റിഫ്ലക്ട൪ എന്നിവ ഉടൻ സ്ഥാപിക്കണം, റോഡിൽ മിനുസമുള്ള ഭാഗം പരുക്കനാക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശം നൽകിയിരിക്കുന്നത് . ഇതിനു പുറമെ ഗതാഗത മന്ത്രി സ്ഥലം സന്ദ൪ശിച്ച ശേഷം നൽകിയ നി൪ദേശങ്ങളും റിപ്പോ൪ട്ടിൽ ഉൾപ്പെടുത്തും.