കൊച്ചി : സിനിമ വിതരണ നിർമ്മാണ കമ്പനികളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. ഡ്രീം ബിഗ് ഫിലിംസ്, പറവ എന്നീ കമ്പനികളിൽ ആണ് പരിശോധന നടത്തിയത്. ഇന്നലെ ഈ കമ്പനികളിൽ 14 മണികൂറിലധികം ആദായ നികുതി വകുപ്പ് പരിശോധന നടത്തി. നടൻ സൗബിൻ ഷാഹിറിന്റെ കമ്പനിയായ പറവ നൽകിയ കണക്കുകളിലും അവ്യക്തതയുണ്ട്.
സൗബിന്റെ വീട്ടിലും പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലും റെയ്ഡ് നടന്നത്. രണ്ട് സിനിമാ നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു.
നേരത്തെ മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സൗബിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സിനിമയുടെ നിർമാതാക്കളായ സൗബിൻ ഉൾപ്പെടെയുള്ളവർക്കെതിരെ ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകിയിരുന്നു.
ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ വഞ്ചിച്ചെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.