ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ച സംഭവം; കത്തിച്ചതല്ല, കത്തിയത് തന്നെ; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്; മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്..!
കൊണ്ടോട്ടി കൊളത്തൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദമായ പരിശോധന നടത്തി. പ്രാഥമിക വിലയിരുത്തലില്‍, തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് തന്നെയാണ് നിഗമനം. മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ., എം.വി.ഐ, കൊണ്ടോട്ടി സബ് ആര്‍.ടി.ഒ. ഓഫീസിലെ എ.എം.വി.ഐ. എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എന്‍ജിന്‍ ഭാഗത്ത് നിന്ന് തീ പടര്‍ന്നതാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാനുള്ള കാരണമായി അവര്‍ വിലയിരുത്തുന്നത്. ബസ്സിലെ ഇലക്ട്രിക് വയറിങ്ങുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
പരിശോധനയില്‍, ബസ്സിനുള്ളില്‍ ഉപയോഗിക്കാതെ വെച്ച ഫയര്‍ എക്സ്റ്റിങ്ഗ്യുഷര്‍ കണ്ടെത്തി. പുക കണ്ട ഉടന്‍ ഇത് ഉപയോഗിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. 2019 മോഡല്‍ ഭാരത് ബെന്‍സ് ഷാസിയില്‍ നിര്‍മ്മിച്ച ബസ്സാണിത്.
ടയറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് ആശങ്കയുണ്ടാക്കിയെങ്കിലും ഡീസല്‍ ടാങ്കിലേക്ക് തീ പടരാതിരുന്നത് രക്ഷയായി. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നും അധികൃതര്‍. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ‘സന’ ബസ് ഞായറാഴ്ച രാവിലെ 8:50-ഓടെ വിമാനത്താവള ജങ്ഷന് സമീപം തുറയ്ക്കലില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. ഓടുന്നതിനിടെ എന്റെിന്റെ കരുത്ത് കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പുക ഉയരുന്നത് കണ്ടത്.
ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. നാല്പതിലധികം യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. ചൂടേറ്റ് എയര്‍ ഡോറുകള്‍ പെട്ടെന്ന് തുറക്കാനാവാത്ത വിധം അടഞ്ഞുപോയെങ്കിലും, യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് ബലം പ്രയോഗിച്ച് വാതിലുകള്‍ തള്ളിത്തുറക്കുകയായിരുന്നു. മിനിറ്റുകള്‍ക്കകം തീ ആളിപ്പടര്‍ന്നു. മലപ്പുറത്തുനിന്നും മീഞ്ചന്തയില്‍നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.