x
NE WS KE RA LA
Accident Kerala

യുവാവിനെ ഇടിച്ചിട്ട കാർ നിർത്താതെ പോയ സംഭവം; വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

യുവാവിനെ ഇടിച്ചിട്ട കാർ നിർത്താതെ പോയ സംഭവം; വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
  • PublishedDecember 9, 2024

മലപ്പുറം: യുവാവിനെ ഇടിച്ചിട്ട കാർ നിർത്താതെ പോയ സംഭവത്തിൽ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യുവാവിനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി 2 മാസം തികയുമ്പോൾ കാറിനെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. വെള്ള സ്വിഫ്റ്റ് കാറാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ ഈ കാർ തന്നെയാണോ എന്ന് പൊലീസ് ഉറപ്പ് വരുത്തിവരികയാണ്. അപകടത്തിൽ പരിക്കേറ്റ കൂട്ടിലങ്ങാടി സ്വദേശി സുനീർ രണ്ടുമാസമായി കിടപ്പിലാണ്.

ഒക്ടോബർ 18ന് പുലർച്ചെയാണ് അപകടം നടന്നത്. മഞ്ചേരി – പള്ളിപ്പുറം റോഡിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിക്കുകയായിരുന്നു. എന്നാൽ അപകട ശേഷം കാറിൽ നിന്നൊരാൾ പുറത്തിറങ്ങി വന്ന് എന്താണ് പറ്റിയതെന്നെല്ലാം അന്വേഷിച്ചു. കാർ കുറച്ചപ്പുറത്ത് സൈഡാക്കി വരാമെന്ന് പറഞ്ഞ് ഇയാൾ ഓടിച്ചുപോവുകയായിരുന്നുവെന്ന് സുനീർ പറഞ്ഞു. ആ സമയത്ത് കാറിൻ്റെ നമ്പർ നോക്കാനും അന്വേഷിക്കാനും സുനീറിന് കഴിഞ്ഞില്ല. വെള്ള സ്വിഫ്റ്റ് കാറാണ് ഇടിച്ചതെന്ന് വ്യക്തമാവുമ്പോഴും കാറിന്റെ നമ്പർ വ്യക്തമായില്ല. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തുകയാണ്. രണ്ടുമാസമായിട്ടും പൊലീസിന് കാറോ ഉടമയേയോ കണ്ടെത്താനായില്ല.

സംഭവത്തിൽ സുനീറിന് ജനനേന്ദ്രിയത്തിനും കാലിനും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ വീട്ടിലെത്തിയെങ്കിലും പരിക്കുകളിൽ നിന്നും മുക്തമായിട്ടില്ല. കൂലിപ്പണിക്കാരനായ സുനീർ ഇപ്പോൾ കൂട്ടുകാരുടേയും നാട്ടുകാരുടേയും സഹയാത്താലാണ് ചികിത്സ നടത്തുന്നത്. വാഹനം കണ്ടെത്താത്തത് കൊണ്ട് ഇൻഷുറൻസ് തുക ലഭ്യമായിട്ടുമില്ല. വാഹനം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്ന് പൊലീസ് പറയുമ്പോഴും ഇതുവരെ ഒന്നും നടന്നിട്ടില്ല. പൊലീസ് എല്ലാ വാഹനങ്ങളും പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *