കോഴിക്കോട്: കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ-സീനിയർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പ്ലസ് വൺ വിദ്യാർഥിയുടെ പല്ലടിച്ചു തെറിപ്പിച്ച സംഭവത്തിൽ 10 സീനിയർ വിദ്യാർഥികളുടെ പേരിൽ ജാമ്യമില്ലാ കേസ് ചുമത്തി .
ചൊവ്വാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥി ഇഷാമിനെ സ്കൂൾവിട്ട് വീട്ടിലേക്ക് പോകുന്നവഴിയിൽ ഇരുപതോളം സീനിയർ വിദ്യാർഥികൾ ചേർന്ന് മർദിച്ചത്.
കുന്നുമ്മൽ ഉപജില്ലാ സ്കൂൾകലോത്സവവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. കോൽക്കളിയിൽ മത്സരിച്ച പ്ലസ് വൺ വിദ്യാർഥികൾ അവരുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ റീലായി പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം.
ജൂനിയർ വിദ്യാർഥികൾ അവരുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത റീലിന് കാഴ്ചക്കാർ കൂടിയതോടെ ഇത് പിൻവലിക്കാർ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഇതോടെയാണ് തർക്കം സംഘർഷത്തിലേക്ക് നീങ്ങിയത്.
രണ്ടുദിവസം മുൻപ് ഇതിന്റെ പേരിൽ സീനിയർ-ജൂനിയർ വിദ്യാർഥികൾ സ്കൂൾഗ്രൗണ്ടിൽ ഏറ്റുമുട്ടിയിരുന്നു . അധ്യാപകർ ഏറെ പരിശ്രമിച്ചാണ് അന്ന് സംഘർഷം ഒഴിവാക്കിയത്. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ചത്തെ അക്രമം ഉണ്ടായത്.