കൽപ്പറ്റ: വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം. രണ്ടു പ്രതികൾ പിടിയിൽ. . ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായിരിക്കുന്നത്. സംഭവത്തിൽ മാനന്തവാടി പൊലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാൽ രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. വിഷ്ണു, നബീൽ എന്നിവരാണ് ഒളിവിൽ കഴിയുന്നത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്. ബാംഗ്ലൂർ ബസ്സിൽ കൽപ്പറ്റയിലേക്ക് വരുമ്പോൾ ആണ് കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാർ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്.
വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേേറിയത്. വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്‍റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.