ഉത്തരാഖണ്ഡിൽ നഴ്സിനെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊന്നു. പ്രതി രാജസ്ഥാനിൽ അറസ്റ്റിൽ
ഉത്തരാഖണ്ഡ്: രാജ്യത്തെ നടുക്കി മറ്റൊരു ആരോഗ്യപ്രവര്‍ത്തകയുടെ കൂടി കൊലപാതകം കൂടി. ഉത്തരാഖണ്ഡിലെ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉത്തര്‍പ്രദേശ് അതിര്‍ത്തിക്കടുത്തുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സാണ് ബലാത്സംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്തത്. സംഭവത്തില്‍ ഒൻപത് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ 30 നാണ് സംഭവം നടന്നത്. വൈകുന്നേരം ജോലി കഴിഞ്ഞ് ആശുപത്രി വിട്ട നഴ്‌സ് രുദ്രാപൂരിലെ ഇന്ദ്ര ചൗക്കില്‍ നിന്ന് ഇ-റിക്ഷയില്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയെങ്കിലും ഉത്തര്‍പ്രദേശിലെ ബിലാസ്പൂരിലെ കാശിപൂര്‍ റോഡിലെ തന്റെ വീട്ടില്‍ എത്തിയിരുന്നില്ല.
തൊട്ടടുത്ത ദിവസം തന്നെ നഴ്സിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരി പരാതി നല്‍കി. ഒമ്ബത് ദിവസത്തിന് ശേഷം ഓഗസ്റ്റ് 8 ന് ഉത്തര്‍പ്രദേശ് പൊലീസ് ദിബ്ദിബ ഗ്രാമത്തിലെ വീട്ടില്‍ നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള ദിവസ വേതന തൊഴിലാളിയായ ധര്‍മ്മേന്ദ്ര എന്നൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന ധര്‍മ്മേന്ദ്ര നഴ്സിനെ ലൈംഗികാതിക്രമം നടത്തി കൊലപ്പെടുത്തുകയും അടുത്തുള്ള പറമ്പില്‍ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. നഴ്സിന്റെ ഫോണും പഴ്സിലുണ്ടായിരുന്ന 3000 രൂപയുമായി രാജസ്ഥാനിലേക്ക് മുങ്ങിയ പ്രതി നഴ്സിന്റെ ഫോണ്‍ ഉപയോഗിച്ചതാണ് എളുപ്പത്തില്‍ പിടികൂടാന്‍ സഹായിച്ചത്.