മലപ്പുറത്ത് 4 പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറത്ത് 4 പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ 3 പേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ 1200 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകള്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരില്‍ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളത്.
പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്ന് ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുക, മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാറുണ്ട്. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്.