അനധികൃത സ്വത്ത് സമ്പാദനം; മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കേസ്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി എടുത്തത്. എഫ്ഐആർ ഇന്ന് സിബിഐ കോടതിയിൽ സമർപ്പിക്കും.
മനുഷ്യാവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പരാതിക്കാരന്റെ മൊഴി, വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ട്, മറ്റ് സുപ്രധാന രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് ജസ്റ്റിസ് കെ ബാബു സിബിഐയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സിബിഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.