ഇടുക്കി : അനധികൃതമായി കരിങ്കല്ല് കടത്തിയ സംഭവത്തിൽ 14 ടിപ്പർ ലോറികൾ പിടികൂടി പൊലീസ് . ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് തൊടുപുഴയിൽ ലോറികൾ പിടികൂടിയിരിക്കുന്നത്.
ലോഡുകൾക്ക് മതിയായ രേഖകൾ ഇല്ലെന്നും. വാഹനത്തിൽ അനുവദനീയമായ അളവിനേക്കാൾ കൂടുതൽ കരിങ്കല്ല് കടത്തിയെന്നും കണ്ടെത്തി. കൂടാതെ പാസ്സും ബില്ലും ഇല്ലാതെ കരിങ്കല്ല് കടത്തിയ വാഹന ഉടമകളിൽ നിന്ന് പിഴ ഈടാക്കും. അനധികൃത പാറ ഖനനവും കടത്തുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധന നടക്കുകയാണ്.
പാസ്സ് ഇല്ലാതെ അസംസ്കൃത വസ്തുക്കളുമായി എത്തുന്നുവെന്ന് ആരോപിച്ച് തമിഴ്നാട്ടിൽ നിന്നും കരിങ്കല്ലുമായി എത്തിയ ലോറികൾ കമ്പംമേട്, കുമളി ചെക്ക്പോസ്റ്റുകളിൽ ഡ്രൈവർമാർ തടഞ്ഞു. ഇതേ തുടർന്നുണ്ടായ തർക്കത്തിനിടെ തമിഴ്നാട് സ്വദേശിയായ ഡ്രൈവർമാരിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് ലോറികൾ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കൈമാറി.