തിരുവനന്തപുരം: എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരൻ. കെ പി സി സി അധ്യക്ഷനെ മാറ്റാൻ കോൺഗ്രസ് നേതൃത്വം തയ്യാറെടുത്തിരിക്കെയാണ് കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.
10 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു എന്നും. എന്താണ് സംസാരിച്ചത് എന്ന് താൻ പറയില്ലെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരന്റെ പ്രതികരിച്ചത്.
കെപിസിസി നേതൃമാറ്റത്തിൽ ഹൈക്കമാൻഡ് ഉറച്ചുനിൽക്കുകയാണ്. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിച്ചേക്കും. പുതിയ അധ്യക്ഷനായി ആന്റോ ആന്റണിയെ നിയമിക്കുമെന്നാണ് സൂചന . മുതിർന്ന നേതാക്കളുടെ പിന്തുണ ആൻ്റോ ആൻ്റണി ഉറപ്പിച്ചിരിക്കുകയാണ്.
അതൃപ്തനായ കെ സുധാകരനെ അനുനയിപ്പിക്കാനാകും ഇനി ശ്രമമുണ്ടാവുക. സുധാകരന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണങ്ങൾ ഒരു മുന്നറിയിപ്പാണെന്ന വിലയിരുത്തലുമുണ്ട്. നേതൃമാറ്റം നടപ്പിലാക്കിയാൽ സുധാകരൻ രൂക്ഷമായി പ്രതികരിക്കുമെന്നാണ് നേതൃത്വത്തിൻ്റെ ആശങ്ക.