ആ അഞ്ച് സെക്കന്‍ഡില്‍ എല്ലാം അവസാനിച്ചെന്ന് കരുതി, ജീവന്‍ പോകുമെന്ന് ഉറപ്പിച്ചു; അനുഭവം പങ്കുവെച്ച് രജീഷ
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബൈസണ്‍ കാലമാടന്‍. സിനിമയില്‍ രജീഷ വിജയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ വെള്ളത്തിലേക്ക് എടുത്ത് ചാടിയ താന്‍ മുങ്ങി പോയെന്നും ആ നിമിഷം മരണത്തെ മുഖാ മുഖം കണ്ടെന്നും പറയുകയാണ് നടി. സിനിമയുടെ പ്രീ റിലീസ് വേദിയില്‍ സംസാരിക്കുകയായിരുന്നു രജീഷ. താന്‍ വെള്ളത്തില്‍ മുങ്ങി പോകുന്നത് കണ്ട സംവിധായകന്‍ തന്റെ ഷൂസോ, കൂളിംഗ് ഗ്ലാസോ ഒന്നും മാറ്റാതെ വെള്ളത്തിലേക്ക് എടുത്ത് ചാടി തന്നെ രക്ഷിച്ചുവെന്നും രജീഷ പറഞ്ഞു. വളരെ വികാരഭരിതയായി കണ്ണീര്‍ അടക്കാന്‍ ആവാതെയാണ് രജീഷ ഈ അനുഭവം പങ്കിട്ടത്.
‘സിനിമയുടെ ചിത്രീകരണത്തില്‍ വെള്ളത്തിലേക്ക് ചാടേണ്ട ഒരു രംഗമുണ്ടായിരുന്നു. ‘കര്‍ണന്‍’ സിനിമയ്ക്കായി ഞാന്‍ നീന്തല്‍ പഠിച്ചതുകൊണ്ട്, നേരത്തെ തന്നെ മാരി സര്‍ എന്നോട് നീന്തല്‍ അറിയാമോ എന്ന് ചോദിച്ചിരുന്നു. രംഗം ചെയ്യാനുള്ള ആഗ്രഹത്തില്‍ അറിയാം എന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്നാല്‍ അത് നാല് വര്‍ഷം മുമ്പായിരുന്നു, സത്യത്തില്‍ ഞാന്‍ നീന്തല്‍ മറന്നുപോയിരുന്നു. വെള്ളത്തിലേക്ക് ചാടിയപ്പോള്‍, ഞാന്‍ താഴേക്ക് പോകുന്നത് പോലെ തോന്നി. ആ അഞ്ച് സെക്കന്‍ഡില്‍ എന്റെ അവസാനമായിരിക്കുമെന്ന് ഞാന്‍ കരുതി. പല കാര്യങ്ങളും മനസ്സിലൂടെ മിന്നിമറഞ്ഞു. ആളുകള്‍ എന്നെ രക്ഷിക്കുന്നതായി എനിക്ക് തോന്നി. ഞാന്‍ സ്വയം നിയന്ത്രണം വീണ്ടെടുത്ത് ചുറ്റും നോക്കിയപ്പോള്‍, കൂളിങ് ഗ്ലാസ് വച്ച് വെള്ളത്തില്‍ നില്‍ക്കുന്ന ഒരാളെയാണ് കണ്ടത്. അത് സംവിധായകന്‍ മാരി സാര്‍ ആയിരുന്നു. അദ്ദേഹം ഷൂസോ, സോക്‌സോ, കൂളേഴ്‌സോ പോലും മാറ്റാതെ പെട്ടന്നാണ് എന്നെ രക്ഷിക്കാന്‍ ചാടിയതാണ്. ആ കാഴ്ച എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ‘ബൈസണ്‍’ ഒരു സ്‌പോര്‍ട്‌സ് ഡ്രാമ മാത്രമല്ല മാരി സെല്‍വരാജിന്റെ മുന്‍ സിനിമകള്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ലഭിക്കും,’ രജീഷ വിജയന്‍ പറഞ്ഞു.
ഒക്ടോബര്‍ 17 ന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തമിഴ്‌നാട്ടിലെ കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും എന്നാണ് മാരി സെല്‍വരാജ് വ്യക്തമാക്കിയത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് നിവാസ് കെ പ്രസന്നയാണ്. ഏഴില്‍ അരസ് ആണ് ഛായാഗ്രഹണം. ആര്‍ട്ട് കുമാര്‍ ഗംഗപ്പന്‍, എഡിറ്റിങ് ശക്തികുമാര്‍. കോസ്റ്റ്യൂം ഏകന്‍ ഏകംബരം. ആക്ഷന്‍ ദിലീപ് സുബ്ബരായന്‍.