വൈപ്പിൻ : സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ വാക്കുതർക്കത്തെത്തുടർന്ന് മുനമ്പത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പനമ്പിള്ളി നഗർ സ്വദേശിനി പ്രീത(43)യെയാണ് ഭർത്താവ് സുരേഷ് തോമസ് (53) കൊലപ്പെടുത്തിയിരിക്കുന്നത്. മുനമ്പം പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിനു സമീപം ഇന്നലെ രാത്രി എട്ടിനാണ് സംഭവം.
ഇരുവരും ഒന്നിച്ച് സ്‌കൂട്ടറിൽ സഞ്ചരിക്കവേ, തർക്കത്തെത്തുടർന്ന് പള്ളിപ്പുറം സ്‌കൂളിന് സമീപം സുരേഷ് വണ്ടി നിർത്തി. തുടർന്ന് ഇരുവരും തമ്മിലുള്ള വാക്കു തർക്കത്തിനൊടുവിൽ പ്രീതിയെ കുത്തി വീഴ്‌തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് സുരേഷ് പ്രീതയെ കുത്തുകയായിരുന്നു. അടുത്തവീട്ടിലേക്ക് ഓടിക്കയറിയ പ്രീതയെ പ്രദേശവാസികൾ ഉടൻ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രീതയുടെ കഴുത്തിനു പിന്നിലാണ് കുത്തേറ്റത്. കൊലപാതകത്തിനുശേഷം രാത്രി പത്തോടെ ഭർത്താവ് സുരേഷ് മുനമ്പം പൊലീസിൽ കീഴടങ്ങുകയും ചെയ്തു. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറഞ്ഞു .