x
NE WS KE RA LA
Kerala Latest Updates

ഇടുക്കി എസ്പിക്ക് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമർശനം

ഇടുക്കി എസ്പിക്ക് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമർശനം
  • PublishedSeptember 9, 2024

ഇടുക്കി: രോഗിയും പതിനെട്ടുകാരനുമായ വിദ്യാർഥിയോട് കട്ടപ്പന എസ്‌ഐയും പോലീസുകാരും കാണിച്ച ക്രൂരതയുടെ യഥാർഥ വസ്തുതകള്‍ മനുഷ്യാവകാശ കമ്മീഷനില്‍നിന്നു മറച്ചുവയ്ക്കാൻ ജില്ലാ പോലീസ് മേധാവിയും കട്ടപ്പന ഡിവൈഎസ്പിയും ശ്രമിച്ചത് ഗൗരവമായി കാണുമെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. അടുത്ത മാസം തൊടുപുഴയില്‍ നടക്കുന്ന സിറ്റിംഗില്‍ ജില്ലാ പോലീസ് മേധാവിയും ഡിവൈഎസ്പിയും നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ഇടക്കാല ഉത്തരവില്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 25നാണ് കൂട്ടാർ സ്വദേശി ആസിഫ് എന്ന വിദ്യാർഥിയെ കട്ടപ്പന പോലീസ് മർദിച്ചതായി പരാതിയുയർന്നത്. സംഭവത്തില്‍ കട്ടപ്പന എസ്‌ഐയെയും സിപിഒയെയും സസ്പെൻഡ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി മേയ് മൂന്നിന് എറണാകുളം ഡിഐജിക്ക് നല്‍കിയ റിപ്പോർട്ടില്‍ എസ്‌ഐക്കും സിപിഒക്കുമെതിരെ ഗുരുതര കൃത്യവിലോപവും വീഴ്ചയും കണ്ടെത്തിയിരുന്നു. ഇവർ വ്യാജ കേസുണ്ടാക്കിയെന്നും വിദ്യാർഥിയെ മർദിച്ചെന്നും രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതേ ഉദ്യോഗസ്ഥൻ ജൂലൈ രണ്ടിന് കമ്മീഷന് മുന്പാകെ നല്‍കിയ റിപ്പോർട്ടില്‍ ഇത്തരം വിലപ്പെട്ട വിവരങ്ങളെല്ലാം ഒഴിവാക്കി. പ്രധാനപ്പെട്ട വിവരങ്ങള്‍ കമ്മീഷനില്‍നിന്നു മറച്ചുവച്ചതിന്‍റെ കാരണം ജില്ലാ പോലീസ് മേധാവിയും ഡിവൈഎസ്പിയും വിശദീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കട്ടപ്പന ഡിവൈഎസ്പി ജൂണ്‍ 18 ന് ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോർട്ടില്‍ ആസിഫിന്‍റെ മൊഴി എടുക്കാത്ത സാഹചര്യത്തില്‍ ഇരയുടെ മൊഴി അഭിഭാഷന്‍റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തണമെന്ന് കമ്മീഷൻ നിർദേശിച്ചു. അഭിഭാഷകനെ ജില്ലാ ലീഗല്‍ സർവീസ് അഥോറിറ്റി സെക്രട്ടറി നിർദേശിക്കണം. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ വച്ച്‌ ആസിഫിന്‍റെ മൊഴി അഭിഭാഷകന്‍റെ സാന്നിധ്യത്തില്‍ കട്ടപ്പന ഡിവൈഎസ്പി രേഖപ്പെടുത്തണം. മൊഴിയുടെ എല്ലാ പേജിലും ഇരയും അഭിഭാഷകനും ഒപ്പിടണം. ആസിഫിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇതിനൊപ്പം കമ്മീഷനില്‍ ഹാജരാക്കണം. പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനുള്ള കാരണവും ഡിപിസി കമ്മീഷനെ അറിയിക്കണം. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരേ നടക്കുന്ന അന്വേഷണത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയും കമ്മീഷനെ അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. എസ്‌ഐ എൻ.ജെ. സുനേഖ്, എ.ആർ. സിപിഒ, മനു പി. ജോസ് എന്നിവർക്കെതിരേയാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *