ശബരിമലയിൽ നട തുറന്നതോടെ വൻ ഭക്തജന തിരക്ക്

മലയാള മാസം ഒന്നാം തീയതി ശബരിമലയിൽ നട തുറന്നതോടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നും വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ നീളുന്നതായാണ് റിപ്പോർട്ടുകൾ. 11 മണിക്കൂറുകളോളം കാത്തു നിന്നാണ് അയ്യപ്പന്മാർ ദർശനം കഴിഞ്ഞ ദിവസം മുതൽ നടത്തുന്നത്. മാസപൂജ സമയത്ത് ഇത്ര അധികം തിരക്കുണ്ടാവുന്നത് ആദ്യമായാണ്. ആയിരക്കണക്കിന് ഭക്ത ജനങ്ങൾ എത്തുമ്പോൾ അതിനുള്ള അടിസ്ഥാന സൗകര്യം സന്നിധാനത്ത് ഒരുക്കിയിട്ടില്ലെന്നതാണ് ആക്ഷേപവും ഉയരുന്നുണ്ട്. ഇത്രയും സമയം കാത്തു നിന്ന് പതിനെട്ടാം പടി കയറുന്നവർക്ക് വേണ്ടുന്ന സൗകര്യങ്ങൾ പൂർണ്ണമായും ഒരുക്കിയിട്ടില്ല. പതിനെട്ടാംപടി കയറാൻ കാത്തു നിൽക്കുന്ന തീർഥാടകർക്ക് ചുക്കു വെള്ളം കൊടുക്കാൻ വലിയ നടപ്പന്തലിൽ മാത്രമാണ് ദേവസ്വം ബോർഡ് ക്രമീകരണം ചെയ്തിട്ടുള്ളത്.
സന്നിധാനത്തിലെ ശബരി ഗസ്റ്റ് ഹൗസ്, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, പിൽഗ്രീം സെന്ററുകൾ എന്നിവയിൽ തീർഥാടന അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സന്നിധാനത്ത് താമസ സൗകര്യവും കുറവാണ്. അതേസമയം തിരക്കു നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസില്ലെന്ന ആക്ഷേപവുമുണ്ട്. 170 പൊലീസുകാരാണ് ആകെ സന്നിധാനത്തുള്ളത്. മിനിറ്റിൽ 85 മുതൽ 90 പേരെ വരെ പതിനെട്ടാംപടി കയറ്റിയാലേ തിരക്കു കുറയ്ക്കാൻ കഴിയൂ. ഒരു മിനിറ്റിൽ പരമാവധി 50 മുതൽ 52 പേർ വരെയാണ് നിലവിൽ പടികയറുന്നത്. ഇതിനിടെ നടപ്പന്തലിൽ വരി നിൽക്കാതെ പതിനെട്ടാംപടിക്കു താഴെ ബാരിക്കേഡിനു പുറത്ത് തിക്കും തിരക്കും കൂട്ടുന്നവരും ഏറെയാണ്. വാവരു നട, അഴിയുടെ ഭാഗം, മഹാ കാണിക്ക എന്നിവിടങ്ങളിലാണ് നിയന്ത്രണമില്ലാതെ തിക്കും തിരക്കും കൂട്ടുന്നത്.