കൂറ്റനാട് : ശരീരം തളർന്ന് കിടപ്പിലായ വീട്ടമ്മയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിവരം ബന്ധുക്കളെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചു. പട്ടിത്തറ ഒതളൂർ കൊങ്ങശേരി വളപ്പിൽ മുരളീധരനാണ് (62) ഭാര്യ ഉഷാനന്ദിനിയെ (57) കൊലപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പുലർച്ചെ നാലോടെയാണ് കൊലപാതകം നടന്നത്. ‘‘ഉഷ മരിച്ചു. ഉഷയെ ഞാൻ കൊന്നു. അത് എല്ലാവരെയും അറിയിക്കുകയാണ്. അതിന് ഞാൻ എന്ത് ശിക്ഷയും അനുഭവിക്കാനും തയ്യാറാണ്’’ എന്നായിരുന്നു ശബ്ദസന്ദേശത്തിൽ പറയുന്നത്. രാവിലെ മകൻ മനീഷ് ഇതുകേട്ട് അയൽവാസിയായ സ്‌ത്രീയോട് വിവരം പറഞ്ഞു. അവർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
ശബ്ദസന്ദേശം കേട്ട ബന്ധുക്കൾ തൃത്താല പൊലീസിലും വിവരം അറിയിച്ചു . പൊലീസ് എത്തുമ്പോൾ മുരളീധരൻ വീട്ടിലുണ്ടായിരുന്നു. കിടപ്പുമുറിയിലായിരുന്നു ഉഷാനന്ദിനിയുടെ മൃതദേഹം. കൊലപാതകം സ്ഥിരീകരിച്ച പൊലീസ് മുരളീധരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടാതെ ശ്വാസംമുട്ടിച്ചാണ് ഉഷാനന്ദിനിയെ കൊലപ്പെടുത്തിയെന്ന് മുരളീധരൻ മൊഴി നൽകി.
ജന്മനാ മാനസിക വെല്ലുവിളി നേരിട്ട ഉഷാനന്ദിനി ആറുമാസമായി ശരീരം തളർന്ന് കിടപ്പിലായിരുന്നു. ഇവരുടെ രണ്ടുമക്കളും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. മൂത്തമകൻ മഹേഷ് 18 വർഷംമുമ്പ് വീടിന് സമീപത്തെ കുളത്തിൽ മുങ്ങിമരിക്കുകയായിരുന്നു. മനീഷാണ്(30) മറ്റൊരു മകൻ. പെയിന്റിങ് തൊഴിലാളിയായ മുരളീധരൻ ഹൃദ്രോഗം ബാധിച്ചതിനാൽ ഒരു വർഷമായി ജോലിക്ക് പോകുന്നില്ല. ഉഷാനന്ദിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.