വെഞ്ഞാറമ്മൂട്ടിൽ വീട് കുത്തി തുറന്ന് സ്വർണ്ണം കവർന്നു

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ വീട് കുത്തി തുറന്ന്സ്വർണ്ണം കവർന്നു. വെഞ്ഞാറമൂട് നെല്ലനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇന്ന് പുലർച്ചെ വീട്ടിൽ കുടുംബാംഗങ്ങൾ ഉള്ളപ്പോഴായിരുന്നു മോഷണം നടന്നത്. 40 പവനും പതിനായിരം രൂപയും മോഷണം പോയതായി പരാതിയിൽ പറയുന്നു .
അടുക്കള ഭാഗത്തെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ട്ടാവ് രണ്ടാമത്തെ നിലയിൽ എത്തി എന്നാണ് വീട്ടുകാർ പറയുന്നത്. സംഭവ സമയത്ത് അപ്പുക്കുട്ടൻ പിള്ളയുടെ മകനും,മരുമകളും, കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കൂടാതെ സ്വർണ്ണം സൂക്ഷിച്ചിരുന്ന ബാഗ് സമീപ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി. പുലർച്ചെ വാതിൽ തുറന്നപ്പോൾ ഒരാൾ വീട്ടിൽ നിന്നും ഓടിപോകുന്നത് കണ്ടുവെന്ന് മരുമകൾ പറഞ്ഞു.
ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഏകദേശം 35 ലക്ഷം രൂപയുടെ കവർച്ച നടന്നതായിട്ടാണ് വെഞ്ഞാറമൂട് പൊലീസ് പ്രാഥമികമായി സ്ഥിരീകരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.