കനത്ത മഴ; പൊതു കിണർ ഇടിഞ്ഞ് താഴ്ന്നു, വാട്ടർ ടാങ്കും തകർച്ചാ ഭീഷണിയിൽ

തിരുവനന്തപുരം: കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. വെങ്ങാനൂരിലെ മൈക്രോ വാട്ടർ സപ്ലെ സ്‌കീമിനോട് അനുബന്ധിച്ച് ഉള്ള കിണറാണ് ഇടിഞ്ഞിരിക്കുന്നത് . പ്രദേശത്ത് വലിയ ഗർത്തം രൂപപ്പെട്ടതോടെ സമീപത്തെ വാട്ടർ ടാങ്കും തകർച്ചാ ഭീഷണിയിലാണ് ഉള്ളത് . കിണർ ഇടിഞ്ഞതോടെ നിരവധി പേർക്ക് ശുദ്ധ ജലം ലഭ്യമായിരുന്ന സ്രോതസാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.
70 വർഷത്തോളം പഴക്കമുള്ള പൊതു കിണറിനെ സ്രോതസാക്കി 1997 – 98 കാലത്ത് വരൾച്ചാ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചു അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. ഇന്നലെ പെയ്ത മഴയിലാണ് പഞ്ചായത്ത് കിണർ ഇടിഞ്ഞ നിലയിൽ കാണപ്പെട്ടത്. കിണറിൽ കുറ്റിക്കാടുകൾ പടർന്നു കയറുന്നതായും അധികാരികൾ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി ഉയരുന്നുണ്ട്.
വെങ്ങാനൂർ – വിഴിഞ്ഞം റോഡിനോടു ചേർന്നാണ് കിണർ. ഇടിഞ്ഞു താണ സ്‌ഥലത്ത് വലിയ ഗർത്തം രൂപപ്പെട്ടിരിക്കെയാണ് എന്നതിനാൽ സമീപത്തെ റോഡും അപകട ഭീഷണിയിലാണ്. പാതയോരത്തായതിനാൽ അപകട സൂചന മുന്നറിയിപ്പ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.